കൊല്ലത്ത് കോവിഡ് ധനസഹായ വിതരണം അന്തിമഘട്ടത്തില്‍

കൊല്ലം: ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായ വിതരണം അന്തിമ ഘട്ടത്തിലെന്ന് ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍. ഇതുവരെ ലഭിച്ച അപേക്ഷകളില്‍ 95.51 ശതമാനം തീര്‍പ്പാക്കി. ശേഷിക്കുന്നവയ്ക്കായി നടപടികള്‍ തുടരുന്നു. 4705 പേര്‍ക്ക് ധനസഹായം ട്രഷറി വഴി ഓണ്‍ലൈനായി ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്കി കഴിഞ്ഞു.
ധനസഹായം ലഭ്യമായില്ലെന്ന പരാതി പരിഹരിക്കാന്‍ സംവിധാനം ഒരുക്കി. മരണമടഞ്ഞ വ്യക്തിയുടെ ഡെത്ത് ഡിക്ലറേഷന്‍ നമ്പറും മൊബൈല്‍ നമ്പറും വിശദമായ പരാതിയും https://forms.gle/XUPPm4xUqHRde9yHA ഫോമില്‍ രേഖപ്പെടുത്തി പരിഹാരം തേടാം. ദുരന്തനിവാരണ അതോറിറ്റി ലഭിച്ച പരാതി സംബന്ധിച്ച് തുടര്‍ പ്രവര്‍ത്തനം നടത്തുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
ജില്ലയില്‍ ഇതുവരെ 5438 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ധനസഹായത്തിനായി ഇതുവരെ 5097 അപേക്ഷകളാണ് ലഭിച്ചത്.