തൊഴിലുറപ്പ് പദ്ധതിയില്‍ നേട്ടങ്ങളുമായി വണ്ടൂര്‍ ബ്ലോക്ക്; നിര്‍മിച്ച് നല്‍കിയത് 10 അങ്കണവാടികള്‍

post


മലപ്പുറം: തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ കൂടുതല്‍ അങ്കണവാടികള്‍ നിര്‍മിച്ച നേട്ടവുമായി വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത്. തൊഴിലുറപ്പ് പദ്ധതിയും ഐ. സി.ഡി.എസും ഗ്രാമപഞ്ചായത്തും സംയുക്തമായി വണ്ടൂര്‍ ബ്ലോക്കില്‍ 10 അങ്കണവാടികളാണ് പൂര്‍ത്തീകരിച്ചത്. പൂര്‍ത്തീകരിച്ച അങ്കണവാടികളില്‍ അഞ്ചെണ്ണം വണ്ടൂര്‍ പഞ്ചായത്തിലാണ്. ഒരു അങ്കണവാടിയുടെ നിര്‍മാണം പുരോഗമിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ഇതുവരെ 18.42 കോടി രൂപയുടെ പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കിയത്. 13,389 ജോബ് കാര്‍ഡുകളിലായി 15,597 തൊഴിലാളികളുണ്ട്. ഇവര്‍ക്ക് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 4,39,896 തൊഴില്‍ ദിനങ്ങളാണ് നല്‍കി. ഇതിനകം 926 പേര്‍ 100 തൊഴില്‍ ദിനം പൂര്‍ത്തിയാക്കി.


വ്യക്തിഗത ആസ്തി വികസന പദ്ധതികളില്‍ മുന്‍തൂക്കം നല്‍കിയത് കാര്‍ഷികമേഖലക്കാണ്. പശു തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂടുകള്‍, തുടങ്ങിയവ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്കിലെ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കി. കോഴിക്കൂടുകളുടെ നിര്‍മാണത്തിലും ജില്ലയില്‍ ഒന്നാമത് വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്താണ്. 173 കോഴിക്കൂടുകളാണ് നിര്‍മിച്ചു നല്‍കിയത്. കാര്‍ഷിക അവശ്യത്തിനായി 12 കുളങ്ങളും നിര്‍മിച്ചു. 66 തൊഴുത്തുകള്‍, 70 ആട്ടിന്‍കൂടുകള്‍ എന്നിവയും നിര്‍മിച്ചു. പാണ്ടിക്കാട് സ്വകാര്യവ്യക്തിക്ക് 500 മരങ്ങളുള്ള പേരയ്ക്ക തോട്ടവും നിര്‍മിച്ചു നല്‍കി.


ജലസംരക്ഷണത്തിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കുന്നത്. ചാലിയാര്‍ പുഴയോരത്ത് വടപുറം മുതല്‍ പൊങ്ങല്ലൂര്‍ വരെ 4000 മുളം തൈകള്‍ നട്ടുപിടിപ്പിച്ചു. പാണ്ടിക്കാട് ഗവ. ഹൈസ്‌കൂളില്‍ പച്ചത്തുരുത്ത് നിര്‍മിച്ചു. തോടുകളുടെ സംരക്ഷണ ഭിത്തി നിര്‍മാണം, കിണറുകളുടെയും കുളങ്ങളും നിര്‍മാണം, മണ്ണ് സരക്ഷണവും ജലസംരക്ഷണവും സംയോജിതമായി നടപ്പിലാക്കാന്‍ മഴക്കുഴികള്‍, കയ്യാല നിര്‍മാണം, ജലസംഭരണികള്‍ എന്നിവയുടെ നിര്‍മാണത്തിനും വരള്‍ച്ചാനിവാരണത്തിനായി മരങ്ങള്‍ വെച്ചുപിടിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കിയത്.


ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വിതരണം ചെയ്യാനുള്ള വൃക്ഷത്തൈകളും തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ ഒരുങ്ങുന്നുണ്ട്. 25,000 തൈകളാണ് ഉല്‍പാദിപ്പിക്കുന്നത്. സോഷ്യല്‍ ഫോറസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. തിരുവാലി, പോരൂര്‍, തൃക്കലങ്ങോട്, വണ്ടൂര്‍ പഞ്ചായത്തുകളിലാണ് വൃക്ഷത്തൈകള്‍ ഉല്‍പാദിപ്പിക്കുന്നത്. തിരുവാലി പഞ്ചായത്തിലാണ് കൂടുതല്‍ തൈകള്‍ ഉല്‍പാദിപ്പിക്കുന്നത്.


മേപ്പാടം ജി.എം.എല്‍.പി സ്‌കൂളിന് ഡൈനിങ് ഹാള്‍ നിര്‍മാണം, മമ്പാട് നോര്‍ത്ത് ഗവ. എല്‍.പി സ്‌കൂളിന് കിച്ചന്‍ ഷെഡ് നിര്‍മാണം, മാടം ബദല്‍ സ്‌കൂളിന് ചുറ്റുമതില്‍ നിര്‍മാണം, കരച്ചാല്‍ ഹൃദയം സോപ്പുപൊടി യൂണിറ്റിന് വര്‍ക്ക് ഷെഡ് തുടങ്ങിയവയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ വരാനിരിക്കുന്ന പദ്ധതികള്‍.