നിലാവെളിച്ചത്തില്‍ തിളങ്ങാനൊരുങ്ങി വേങ്ങര

post

മലപ്പുറം: പരമ്പരാഗത തെരുവ് വിളക്കുകള്‍ മാറ്റി  ഊര്‍ജ്ജ സംരക്ഷണവും പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതുമായ എല്‍.ഇ.ഡി ബള്‍ബുകള്‍ സ്ഥാപിക്കുന്ന 'നിലാവ്' പദ്ധതിയുടെ ആദ്യ പ്രവൃത്തി വേങ്ങര പഞ്ചായത്തില്‍ തുടങ്ങി. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ കൊളപ്പുറം ഈസ്റ്റ്, കുറ്റൂര്‍ നോര്‍ത്ത് എന്നീ വാര്‍ഡുകളില്‍  കെ.എസ്.ഇ.ബി അധികൃതര്‍ സ്ട്രീറ്റ് മെയിന്‍ കമ്പി സ്ഥാപിച്ചുതുടങ്ങി.  ഇതുപൂര്‍ത്തിയാകുന്നതോടെ നിലാവ് പദ്ധതി പ്രകാരം വൈദ്യുത തൂണുകളില്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കും. തെരുവ് വിളക്കുകള്‍ സ്വയം പ്രകാശിക്കുകയും അണയുകയും ചെയ്യുന്ന വിധത്തില്‍ ഓട്ടോമാറ്റിക് സംവിധാനവും ഉണ്ടാകും.

ഇതിനൊപ്പം വേങ്ങര പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് മുഴുവന്‍  തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിനായുള്ള പ്രവൃത്തികളും  നടന്നുവരികയാണ്. ഇതിനായി പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്ന്  ഒരു കോടി രൂപ നീക്കിവച്ചിട്ടുണ്ട്. പഞ്ചായത്തിലെ തെരുവുകള്‍ മുഴുവന്‍ പ്രകാശമയമാക്കാന്‍ വകയിരുത്തിയ ഒരുകോടി രൂപയില്‍ 88,15,753 രൂപ വേങ്ങര  കെ.എസ്.ഇ.ബിക്കും  ബാക്കിതുക കുന്നുംപുറം വൈദ്യുതി സെക്ഷനും ഇതിനകം നല്‍കിയതായി വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസല്‍ പറഞ്ഞു.

നിലവില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിനായി സ്ട്രീറ്റ് മെയിന്‍ കമ്പികള്‍ വലിച്ചിട്ടില്ലാത്ത വാര്‍ഡുകളില്‍ അതിന്റെ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. അതേസമയം സ്ട്രീറ്റ് ലൈന്‍ കമ്പി വലിച്ചിട്ടുള്ള വേങ്ങര ഗാന്ധിദാസ്പടി മുതല്‍ കൂരിയാട് വരെയുള്ള പാതയില്‍ എല്‍.ഇ.ഡി തെരുവുവിളക്കുകള്‍ സ്ഥാപിക്കേണ്ട പ്രവൃത്തി മാത്രമേ ഇനി ബാക്കിയുള്ളൂ. ഒരാഴ്ചകകം പ്രവൃത്തി ആരംഭിക്കുമെന്ന് വേങ്ങര കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ ഇന്‍ ചാര്‍ജ് ഷംസുദ്ദീന്‍ വ്യക്തമാക്കി.  ഇതോടെ പഞ്ചായത്തിലെ വര്‍ഡുകളിലെ തെരുവുകളെല്ലാം പ്രകാശപൂരിതമാകും. 1,38,55,963 കോടി രൂപ എസ്റ്റിമേറ്റ് തയ്യാറാക്കിയ പദ്ധതിയാണ് വേങ്ങര പഞ്ചായത്തിന്റെ സ്ട്രീറ്റ് മെയിന്‍.