ചരക്കുസേവന നികുതിദായകർക്ക് ഇനി റേറ്റിംഗ് സ്‌കോർ കാർഡ്

post

തിരുവനന്തപുരം: റിട്ടേൺ സമർപ്പിക്കുന്നതിലും, നികുതി അടയ്ക്കുന്നതിലും കൃത്യത പുലർത്തുന്ന നികുതിദായകർക്ക് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ്  റേറ്റിംഗ് സ്‌കോർ കാർഡ് നൽകുന്നു. ജി.എസ്.ടി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള 1.5 കോടി രൂപയിൽ അധികം വാർഷിക വിറ്റു വരവുള്ള വ്യാപാരികൾക്കാണ് ടാക്സ് പെയർ കാർഡ് എന്ന പേരിൽ റേറ്റിംഗ് സ്‌കോർ നൽകുന്നത്. റിട്ടേൺ സമർപ്പിക്കുന്നതിലും, നികുതി അടയ്ക്കുന്നതിലും പുലർത്തുന്ന കൃത്യത കണക്കാക്കിയാണ് റേറ്റിംഗ് സ്‌കോർ തയ്യാറാക്കുന്നത്. 

മികച്ച റേറ്റിങ് ഉള്ള സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിലൂടെ  പൊതുജനങ്ങൾ നൽകുന്ന നികുതി സർക്കാരിൽ എത്തുന്നുവെന്ന് ഇത് വഴി ഉറപ്പിക്കാനാകും. അനധികൃതമായി നടത്തുന്ന നികുതി പിരിവ് തടയാനാകും.

മികച്ച റേറ്റിങ്ങുള്ള നികുതിദായകർക്ക് വേഗത്തിലും, സുതാര്യവും, കാര്യക്ഷമവുമായ നികുതിദായക സേവനങ്ങൾ ലഭ്യമാക്കാൻ സഹായിക്കും. ബി-ടു -ബി ഇടപാടുകൾക്ക് മികച്ച റേറ്റിങ് ഉള്ള സ്ഥാപനം തെരഞ്ഞടുത്താൽ ഇൻപുട് ടാക്സ് ക്രെഡിറ്റ് യഥാസമയം ലഭിക്കാൻ സഹായകരമാകും. റേറ്റിങ് കാർഡ് സംബന്ധിച്ച വിവരങ്ങൾ www.keralataxes.gov.in സന്ദർശിക്കുക.