മത്സ്യത്തൊഴിലാളികളുടെ അപകട മരണം: ആറു മാസത്തിനകം ആനുകൂല്യം ഉറപ്പാക്കുമെന്നു മന്ത്രി സജി ചെറിയാന്
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ കടലില്‍ അപകടത്തില്‍പ്പെട്ടു മരണം സംഭവിച്ചാല്‍ ബന്ധുക്കള്‍ക്ക് ആറു മാസത്തിനകം ആനുകൂല്യം ഉറപ്പാക്കുമെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാന്. ധനസഹായം അടക്കമുള്ള ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള പൂര്‍ണ ഉത്തരവാദിത്തം ബന്ധപ്പെട്ട ഫിഷറീസ് ഓഫിസര്‍ക്കായിരിക്കുമെന്നും ഇക്കാര്യം ഉറപ്പാക്കുന്നതിനു ഫിഷറീസ് വകുപ്പിലും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലും നോഡല്‍ ഓഫിസര്‍മാരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ അപകട ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കടലില്‍ പോകുന്ന മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ കര്‍ശനമാക്കുമെന്നു മന്ത്രി പറഞ്ഞു. കടലില്‍ പോകുന്നവരുടെ പൂര്‍ണ വിവരങ്ങള്‍ ബന്ധപ്പെട്ട അധികൃതരെ നിര്‍ബന്ധമായും അറിയിക്കണം. അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ഇത് അനിവാര്യമാണ്. ഇക്കാര്യത്തില്‍ വീഴ്ചവരുത്തരുത്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പരിമിതികള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു കഴിയണം. അപകടത്തില്‍ മരണപ്പെടുന്നവരുടെ ബന്ധുക്കള്‍ക്ക് ആനൂകുല്യങ്ങള്‍ വൈകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കാനാകില്ല. യഥാസമയം ആനുകൂല്യങ്ങള്‍ ലഭ്യമാക്കേണ്ട ഉത്തരവാദിത്തം ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്കായിരിക്കും. ആറു മാസത്തിനകം ആനുകൂല്യം നല്കാന് കഴിഞ്ഞില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് വിശദീകരണം നല്‍കണം. തുടര്‍ന്നു മന്ത്രിതലത്തില്‍ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തില്‍പ്പെട്ടു കാണാതാകുന്ന മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് ഏഴു വര്‍ഷം കഴിഞ്ഞാണു നിലവില്‍ ധനസഹായം ലഭിക്കുന്നത്. കേന്ദ്ര നിയമപ്രകാരമാണ് ഏഴു വര്‍ഷമെന്ന കാലയളവ് നിശ്ചയിച്ചിരിക്കുന്നത്. പലപ്പോഴും ഇതു മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കു വലിയ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ട്. ഈ നിബന്ധന മറികടന്ന് ആറു മാസത്തികം ഈ കുടുംബങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരും ഇന്‍ഷ്വറന്‍സ് കമ്പനികളും തമ്മില്‍ ധാരണയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
89 അപേക്ഷകള്‍ തീര്‍പ്പാക്കി; 8.5 കോടി അനുവദിച്ചു
145 അപേക്ഷകളാണ് ഇന്നലെ (ഡിസംബര്‍ 28) നടന്ന അദാലത്തില്‍ പരിഗണനയ്ക്കു വന്നതെന്നു മന്ത്രി സജി ചെറിയാന് അറിയിച്ചു. ഇവയില്‍ 89 എണ്ണം തീര്‍പ്പാക്കി. 52 പേര്‍ക്ക് 4.92 കോടി രൂപയുടെ ചെക്ക് ചടങ്ങില്‍ വിതരണം ചെയ്തു. 39 പേരുടെ 3.58 കോടി രൂപയുടെ ഇന്‍ഷുറന്‍സ് ആനുകൂല്യം തീര്‍പ്പാക്കി. ഇവരുടെ ഇന്‍ഷുറന്‍സ് തുക ഒരു മാസത്തിനകം വിതരണം ചെയ്യും.
ഒമ്പതു വര്‍ഷം പഴക്കമുള്ള ക്ലെയിമുകള്‍ വരെ തീര്‍പ്പാക്കിയതില്‍ ഉള്‍പ്പെടുന്നതായി അദ്ദേഹം പറഞ്ഞു. കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ട്, ഡയാറ്റം ടെസ്റ്റ്, ഹിസ്റ്റോ പാതോളജി റിപ്പോര്‍ട്ട് തുടങ്ങിയവ ലഭ്യമാകുന്നതിലുള്ള കാലതാമസമാണ് പലപ്പോഴും ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നത് വൈകുവാന്‍ കാരണം. പരിഗണനയ്ക്കെടുത്തതില്‍ തീര്‍പ്പാവാത്ത ശേഷിക്കുന്ന അപേക്ഷകള്‍ ഉദ്യോഗസ്ഥ തലത്തില്‍ അദാലത്തുകള്‍ നടത്തി മൂന്നു മാസത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലുള്ളവര്‍ക്കായിരുന്നു തിരുവനന്തപുരത്ത് അദാലത്ത് നടത്തിയത്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അദാലത്ത് ജനുവരി രണ്ടാം വാരം കോഴിക്കോട് വെച്ച് നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
മത്സ്യത്തൊഴിലാളി സമൂഹം അഭിമുഖീകരിച്ചിരുന്ന നിരവധി പ്രശ്നങ്ങളില്‍ കഴിഞ്ഞ ആറു മാസത്തിനകം പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. അനാവശ്യ തടസവാദങ്ങള്‍ ഉന്നയിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യം വൈകിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.