കൊറോണ നിയന്ത്രണ വിധേയം: ഐസോലേഷന്‍ വാര്‍ഡില്‍ രോഗികള്‍ ഒഴിഞ്ഞു

post

കൊല്ലം : നിതാന്തമായ ജാഗ്രതയുടെ ഫലമായി കൊറോണ വൈറസ് ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യങ്ങള്‍ ഇല്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി അറിയിച്ചു. നിലവില്‍ ഐസൊലേഷന്‍ വാര്‍ഡില്‍  എല്ലാരോഗികളും ഒഴിഞ്ഞു. രോഗബാധിത രാജ്യങ്ങളില്‍ നിന്നും പുതിയതായി എത്തുന്നവരെ പരിശോധിക്കുന്നതിനും ബോധവത്കരണത്തിനുമുള്ള സംവിധാനങ്ങള്‍ തുടരുന്നു. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന  വിദേശികളായ യാത്രികരുടെ നിരീക്ഷണം തുടരുന്നു. കൊറോണ വൈറസ് ബാധ ഉള്‍പ്പെടെയുള്ള വായുജന്യ രോഗങ്ങള്‍ക്കെതിരെ തൂവാല ഉപയോഗിക്കുന്നതിന്റെയും സോപ്പുപയോഗിച്ച് കൈകള്‍ കഴുകുന്നതുള്‍പ്പെടെയുള്ള പ്രാഥമിക ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തുന്നതിനുള്ള പാഠങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിന് വ്യാപകമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.