കുടുംബശ്രീ ഭക്ഷ്യ വിപണന മേള 'ഉമ്മാന്റെ വടക്കിനിക്ക്' തുടക്കമായി

post

മലപ്പുറം: കുടുംബശ്രീ ജില്ലാ മിഷന്റെയും, മലപ്പുറം നഗരസഭയുടെയും, ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ രുചി വൈവിധ്യങ്ങളോടെ കുടുംബശ്രീ ഭക്ഷ്യ വിപണന മേള 'ഉമ്മാന്റെ വടക്കിനി'ക്ക് മലപ്പുറം ടൗണ്‍ ഹാളില്‍ തുടക്കമായി. നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി മേള ഉദ്ഘാടനം ചെയ്തു. കോവിഡിന് ശേഷം കുടുംബശ്രീ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭക്ഷ്യമേളയില്‍ ഒമ്പത് ഭക്ഷണ കൗണ്ടറുകളിലായി ചട്ടിപ്പത്തിരി, കിളിക്കൂട്, ഉന്നക്കായ, ചിക്കന്‍ റോള്‍, വിവിധതരം ബിരിയാണി, സ്‌നാക്‌സ് വിഭാഗങ്ങള്‍, ചിക്കന്‍ ചീറിപ്പാഞ്ഞത്, ചതിക്കാത്ത സുന്ദരി, കരിഞ്ചീരക കോഴി, കപ്പ ബിരിയാണി, കപ്പ മീന്‍ കറി, തേങ്ങ ചോറ് ബീഫ്, ദോശകള്‍, കേക്കുകള്‍ തുടങ്ങിയവയുണ്ട്. കുടുംബശ്രീ യൂനിറ്റുകള്‍ക്കായി പായസ മത്സരവും നടത്തിയിരുന്നു.  

ഇല വിഭവങ്ങള്‍, പഴവിഭവങ്ങള്‍, പലഹാരങ്ങള്‍, കേക്ക് നിര്‍മാണം തുടങ്ങിയ മത്സരങ്ങളും ഇതിന്റെ ഭാഗമായി നടത്തും. മലപ്പുറം നഗരസഭ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്, മങ്കട ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള കുടുംബശ്രീ യൂനിറ്റുകളാണ് മേളയില്‍ പങ്കെടുക്കുന്നത്. വിവിധ കുടുംബശ്രീ ഉത്പന്നങ്ങളുടെ സ്റ്റാളുകള്‍ മേളയിലുണ്ട്. ആരോഗ്യകരമായ ഭക്ഷണം നാടന്‍ രുചിയില്‍ മേളയില്‍ നിന്ന് ലഭിക്കും. ഈ മാസം 30 വരെയാണ് ഭക്ഷ്യ മേള നടക്കുന്നത്. നഗരസഭാ സ്ഥിരസമിതി അധ്യക്ഷന്‍മാരായ മറിയുമ്മ ശരീഫ്, പി.കെ സക്കീര്‍ ഹുസൈന്‍, പി കെ ഹക്കീം, സിദ്ദീഖ് നുറേങ്ങല്‍, പ്രതിപക്ഷ നേതാവ് ഒ സഹദേവന്‍, കൗണ്‍സിലര്‍മാരായ സി സുരേഷ്, പി എസ് എ ശബീര്‍, സിഡിഎസ് അധ്യക്ഷ വി.കെ ജമീല തുടങ്ങിയവര്‍ പങ്കെടുത്തു.