പകല്‍ വീടും ഭിന്നശേഷി സ്വയംതൊഴില്‍ പരിശീലന കേന്ദ്രവും ഉദ്ഘാടനം ചെയ്തു

post

കാസര്‍കോട് : വയോജനങ്ങള്‍ക്ക് പകല്‍ സമയങ്ങളില്‍ മാനസിക ഉല്ലാസം കണ്ടെത്താനും വീടുകളിലെ  ഒറ്റപ്പെടല്‍ മാറ്റിയെടുക്കാനുമായി പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെയും  ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ പനത്തടിയില്‍ പൂര്‍ത്തിയാക്കിയ പകല്‍വീടിന്റെയും  ഇതിനോട്  ചേര്‍ന്ന് നിര്‍മ്മിച്ച ഭിന്നശേഷി സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെയും  ഉദ്ഘാടനവും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.

 പനത്തടിയില്‍ പരപ്പ ബ്ലോക്ക് വാങ്ങിയ  20 സെന്റ് സ്ഥലത്താണ് പകല്‍ വീടും ഭിന്നശേഷികേന്ദ്രവും നിര്‍മ്മിച്ചത്.  അടുക്കളയും ഹാളും ശുചിമുറിയും ചേര്‍ന്നതാണ് പകല്‍ വീടിന്റെ കെട്ടിടം. പകല്‍വീട്ടിലെത്തുവര്‍ക്കായി  വിശാലമായ മുറ്റവും  ആവശ്യമായ ഇരിപ്പിടങ്ങളും, മേശയും, വിനോദത്തിനായി കാരംസ് ബോര്‍ഡ്, ചെസ് ബോര്‍ഡ്, ടെലിവിഷന്‍ എന്നിവയും പകല്‍വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ അടുക്കളയില്‍ പാചകം ചെയ്യാന്‍ ഗ്യാസും  പാത്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് ചെയര്‍മാനാകുന്ന പകല്‍ വീട് ക്ഷേമസമിതിയില്‍ ഒരു ഡോക്ടറുടെ സേവനവും ലഭിക്കും. 

 ഭിന്നശേഷിക്കാരെ പ്രോത്സാഹിപ്പിക്കാനും അവര്‍ക്കൊരു വരുമാന മാര്‍ഗം നല്‍കുവാനുമാണ് ഭിന്നശേഷി സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ 21 പേര്‍ക്കാണ് പരിശീലനം നല്‍കുക. തുണി സഞ്ചി, പേപ്പര്‍ ബാഗ്, പേപ്പര്‍ പേന തുടങ്ങിയവയുടെ പരിശീലനവും നിര്‍മ്മാണവുമാണ് ഇവിടെ നടക്കുന്നത്.  ഇതിനായുള്ള പരിശീലനവും സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതലയും ബ്ലോക്ക് പഞ്ചായത്തിനാണ്.