ലൈഫ് മിഷന്; അര്‍ഹതാ പരിശോധന പുരോഗമിക്കുന്നു

ആലപ്പുഴ: ലൈഫ് മിഷന്റെ 2017ലെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതിരുന്നവരില്‍ നിന്ന് പിന്നീട് ലഭിച്ച അപേക്ഷകളുടെ അര്‍ഹതാ പരിശോധന ആലപ്പുഴ ജില്ലയില്‍ പുരോഗമിക്കുന്നു. ആകെ 62173 അപേക്ഷകളാണ് ഓണ്‍ലൈനില്‍ ലഭിച്ചത്. ഇതില്‍ 47403 പേര് ഭൂമിയുള്ള ഭവനരഹിതരും 14770 പേര് ഭൂരഹിത ഭവനരഹിതരുമാണ്.
നവംബര്‍ ഒന്നു മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ ഗുണഭോക്താക്കളുടെ താമസ സ്ഥലങ്ങളിലെത്തിയാണ് പരിശോധന നടത്തിവരുന്നത്. നവംബര്‍ 30നകം ഈ നടപടികള്‍ പൂര്‍ത്തിയാക്കും. ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല മോണിട്ടറിംഗ് കമ്മിറ്റി പരിശോധനാ നടപടികളുടെ പുരോഗതി വിലയിരുത്തി.
ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വരുമാന സാക്ഷ്യപത്രം, ഭൂമിയുടെ കരം അടച്ച രസീത്, മുന്‍ഗണന ലഭിക്കുന്നതിനായി സമര്‍പ്പിച്ച രേഖകള്‍, ഭൂമിയില്ലാത്തവര്‍ അതുസംബന്ധിച്ച സാക്ഷ്യപത്രം തുടങ്ങിയവയുടെ അസ്സല് പരിശോധനയ്ക്കായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. നവംബര്‍ 30നുള്ളില്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയില്ലെങ്കില്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ നേരിട്ട് അറിയിക്കാം. പരിശോധനാ നടപടികളുടെ ഏകോപനത്തിനും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനും നാല് ജില്ലാതല ഉദ്യോഗസ്ഥരെ നിയോഗിച്ചു.
ദാരിദ്ര്യ ലഘൂകരണവിഭാഗം പ്രോജക്ട് ഡയറക്ടര്‍ (ഭരണിക്കാവ്, മാവേലിക്കര, ചെങ്ങന്നൂര്‍ ബ്ലോക്കുകള്‍), പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ (ഹരിപ്പാട്, മുതുകുളം, അമ്പലപ്പുഴ ബ്ലോക്കുകള്‍), ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ (ആര്യാട്, ചമ്പക്കുളം, വെളിയനാട്), ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ (തൈക്കാട്ടുശ്ശേരി, പട്ടണക്കാട്, കഞ്ഞിക്കുഴി), നഗരകാര്യ റീജ്യണല്‍ ജോയിന്റ് ഡയറക്ടര്‍ (മുനിസിപ്പാലിറ്റികള്‍) എന്നിവരെയാണ് ചുമതലപ്പെടുത്തിയത്. അപേക്ഷകള്‍ക്കൊപ്പം അനുബന്ധ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ പരിശോധനാ സമയത്ത് ഇവ ഹാജരാക്കാം. അപേക്ഷയില്‍ തദ്ദേശ സ്ഥാപനത്തിന്റെ പേരോ വാര്‍ഡ് നമ്പരോ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ തിരുത്തല്‍ വരുത്തുന്നതിന് ലൈഫ് മിഷന് നടപടി സ്വീകരിച്ചിട്ടുണ്ട്.
ലൈഫ് മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.പി. ഉദയസിംഹന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ശ്രീകുമാര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ബി. ബെഞ്ചമിന്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ. അനീഷ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.