മലപ്പുറത്ത് ഫ്‌ളൈ ഓവര്‍: സംസ്ഥാന ബജറ്റില്‍ ജില്ലയ്ക്ക് നേട്ടം

post

വേങ്ങരയില്‍ ഫയര്‍ റെസ്‌ക്യു സ്റ്റേഷന്‍, തവനൂരില്‍ 100 കോടിയുടെ വികസന പദ്ധതികള്‍

മലപ്പുറം : സംസ്ഥാന ബജറ്റില്‍ മലപ്പുറം ജില്ലയ്ക്ക്  നേട്ടം. വിവിധ വികസനപദ്ധതികള്‍ ബജറ്റില്‍ ജില്ലയ്ക്കായി പ്രഖ്യാപിച്ചു. മലപ്പുറത്തിന്റെ സ്വപ്‌ന പദ്ധതിയായ ഫ്‌ളൈ ഓവറാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയ മികച്ച പദ്ധതികളിലൊന്ന്. ഫ്‌ളൈ ഓവറിനായി പൊലീസ് സ്‌റ്റേഷന്‍ മുതല്‍ കിഴക്കേത്തല ചെത്തുപാലം വരെയുള്ള മേല്‍പ്പാലം പദ്ധതിക്ക് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 89.92 കോടി രൂപ അനുവദിക്കും. മലപ്പുറം റീജിയനല്‍  ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് കെട്ടിട നിര്‍മ്മാണത്തിനു 40 ലക്ഷം രൂപയും ബജറ്റില്‍ അനുവദിച്ചു. മലപ്പുറം മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിട നിര്‍മ്മാണത്തിനും റോഡുകളുടെ നവീകരണത്തിനും കുടിവെള്ള പദ്ധതിക്കും ബജറ്റില്‍ പരിഗണന ലഭിച്ചു. കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കം ഷോപ്പിങ്് കോംപ്ലക്‌സ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിനും പൂക്കോട്ടൂര്‍-പുല്‍പ്പറ്റ-മൊറയൂര്‍ പഞ്ചായത്തുകളിലെ സമഗ്ര കുടിവെള്ള പദ്ധതിക്കും താലൂക്ക് ആശുപത്രി കെട്ടിട നിര്‍മ്മാണത്തിനും ടോക്കണ്‍ തുക അനുവദിച്ചു.

മലപ്പുറം നഗരസഭയില്‍ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയും മാലിന്യ സംസ്‌ക്കരണ പ്ലാന്റും സ്ഥാപിക്കല്‍, ഇരുമ്പുഴി കരമാഞ്ചേരിപ്പറമ്പ് കുടിവെള്ള പദ്ധതി എന്നിവക്കും പരിഗണന നല്‍കി ടോക്കണ്‍ തുക അനുവദിച്ചു.

വിദ്യാഭ്യാസ മേഖലയില്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍, മലപ്പുറം ഗവ. വനിത കോളജ്, പൂക്കോട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അരിമ്പ്ര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഇരുമ്പുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കിഴക്കുംപറമ്പ് ജി.എം.എല്‍.പി. സ്‌കൂള്‍, വളമംഗലം ജി.എല്‍.പി സ്‌കൂള്‍ എന്നിവക്കു കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ടോക്കണ്‍ തുക അനുവദിച്ചു.

വലിയ തോടിന്റെ പുനരുദ്ധാരണം, കടലുണ്ടിപ്പുഴക്കു കുറുകെ എടായിപ്പാലത്തു ചെക്ക് ഡാം നിര്‍മ്മാണം, നരിയാട്ടുപാറ  നെന്മിനി ചര്‍ച്ച് റോഡ്, വള്ളുവമ്പ്രം  വളമംഗലം  പൂക്കൊളത്തൂര്‍ റോഡ്, പാറമ്മല്‍  പറങ്കിമൂച്ചിക്കല്‍ റോഡ് എന്നിവയുടെ പുനരുദ്ധാരണം തുടങ്ങിയവയാണ് ടോക്കണ്‍ തുക അനുവദിച്ച ബജറ്റില്‍ പരിഗണിച്ച മലപ്പുറം  മണ്ഡലത്തിലെ മറ്റു പദ്ധതികള്‍.

വര്‍ഷങ്ങളായുള്ള വേങ്ങരക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ട് മണ്ഡലത്തില്‍ യാഥാര്‍ഥ്യമാകുന്ന ഫയര്‍ റെസ്‌ക്യൂസ് സ്റ്റേഷനാണ് ജില്ലയ്ക്കായി പ്രഖ്യാപിച്ച മികച്ച പദ്ധതികളിള്‍ മറ്റൊന്ന്. 36,070,00 രൂപയാണ്  ഫയര്‍ റെസ്‌ക്യൂസ് സ്റ്റേഷന് വകയിരുത്തിയത.്  അഗ്‌നിബാധ, പ്രകൃതി ദുരന്തങ്ങള്‍, വാഹനാപകടങ്ങള്‍ തുടങ്ങി എല്ലാ അടിയന്തര സാഹചര്യങ്ങളിലും  രക്ഷക്കായി ദൂരെയുള്ള ഫയര്‍ സ്‌റ്റേഷനുകളെ ആശ്രയിക്കുന്ന വേങ്ങര മണ്ഡലത്തിന് ഒരു പുതിയ ഫയര്‍ റെസ്‌ക്യൂ  ഏറെ ആശ്വാസകരമാകും.

തവനൂര്‍ മണ്ഡലത്തിലാണ് കൂടുതല്‍ നേട്ടം. 100 കോടിയുടെ വികസന പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തൃപ്രങ്ങോട്പുറത്തൂര്‍,മംഗലം പഞ്ചായത്തുകള്‍ക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തിയ്ക്ക്  21 കോടി രൂപ ബജറ്റില്‍ വകയിരുത്തി. തവനൂര്‍ കേളപ്പജി ഗവ. കാര്‍ഷിക എഞ്ചിനീയറിങ് കോളേജിലെ  സിന്തറ്റിക് ട്രാക്കോടു കൂടിയ  സ്റ്റേഡിയം നിര്‍മിക്കുവാന്‍ 10 കോടിയും തവനൂര്‍ ഗവണ്‍മെന്റ് കോളജിന്റെ കെട്ടിടനിര്‍മ്മാണം രണ്ടാം ഘട്ടത്തിന് 10 കോടിയും അനുവദിച്ചു.

എടപ്പാള്‍ തവനൂര്‍ റോഡ് പുനരുദ്ധാരണത്തിന് അഞ്ച് കോടിയും അതളൂര്‍തൃക്കണാപുരം റോഡ് പുനരുദ്ധാരണത്തിന് നാല് കോടിയും അനുവദിച്ചിട്ടുണ്ട്. തൃപ്രങ്ങോട് പി,എച്ച്.സി കെട്ടിടനിര്‍മ്മാണത്തിന് മൂന്ന് കോടി രൂപയും തൃപ്രങ്ങോട് മിനിസ്റ്റേഡിയം നിര്‍മ്മാണത്തിന് എട്ട് കോടിയും വകയിരുത്തി.  ആറ് കോടി രൂപയാണ് എടപ്പാള്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന് അനുവദിച്ചിരിക്കുന്നത്. മൂന്നു കോടി ആലത്തിയൂര്‍-പളളിക്കടവ് റോഡ് പുനരുദ്ധാരണത്തിനും രണ്ടു കോടി തിരൂര്‍-ചമ്രവട്ടം റോഡ് പുനരുദ്ധാരണത്തിനും അനുവദിച്ചു. ബജറ്റില്‍ അഞ്ച് കോടി രൂപ വീതമാണ് തൃപ്രങ്ങോട് മിനി സിവില്‍സ്റ്റേഷന്‍ നിര്‍മ്മാണത്തിനും കൂട്ടായി പടിഞ്ഞാറേക്കര ഫിഷ് ലാന്‍ഡിങ്് സെന്റര്‍ നിര്‍മ്മാണത്തിനും  വകയിരുത്തിയിരിക്കുന്നത്. ചമ്രവട്ടം സ്‌നേഹപാതയില്‍ പ്രളയത്തില്‍ തകര്‍ന്ന ഭാരതപ്പുഴയുടെ തീരഭിത്തി പുനര്‍നിര്‍മ്മിക്കാനും അഞ്ച് കോടി അനുവദിച്ചു.

 തൃക്കണാപുരം സി.എച്ച്.സി. കെട്ടിടനിര്‍മ്മാണത്തിന് മൂന്ന് കോടി കോടിയും പട്ടയില്‍ കടവ് പാലം നിര്‍മ്മാണത്തിന് 1.5 കോടിയും അനുവദിച്ചിട്ടുണ്ട്. കാരാട്ട് കടവ് പാലം നിര്‍മ്മാണത്തിന് 1.8 കോടി വകയിരുത്തി. കുണ്ടയാര്‍ പാലം പുനര്‍നിര്‍മ്മാണത്തിന് എട്ട് കോടി അനുവദിച്ചു. രണ്ടു കോടി വീതം മൂതൂര്‍ ജി.ബി.എല്‍.പി.സ്‌കൂള്‍  കെട്ടിടനിര്‍മ്മാണത്തിനും കമ്മുക്ക് ലിഫ്റ്റ് ഇറിഗേഷനില്‍ നിന്നും വെള്ളാട്ടുപാടം വരെ ജലസേചന പദ്ധതി നടപ്പാക്കാനും അനുവദിച്ചിട്ടുണ്ട്. ഒരു കോടി രൂപ പുറത്തൂര്‍ പഞ്ചായത്ത് മിനി സ്റ്റേഡിയം നവീകരണത്തിനായും വകയിരുത്തി. ബജറ്റില്‍ രണ്ടു കോടി വീതം വട്ടകുളം പി.എച്ച്.സി. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് കെട്ടിട നിര്‍മ്മാണത്തിനും പോത്തന്നൂര്‍ ജി.യു.പി.സ്‌കൂള്‍ കെട്ടിടനിര്‍മ്മാണത്തിനും അനുവദിച്ചിട്ടുണ്ട്. മൂന്നു കോടി രൂപയാണ് ജി.എം.എല്‍.പി. സ്‌കൂള്‍, കൂട്ടായി സൗത്ത് കെട്ടിടനിര്‍മ്മാണത്തിന് വകയിരുത്തിയിരിക്കുന്നത്.

നിലമ്പൂര്‍ മണ്ഡലത്തില്‍ വഴിക്കടവ് പഞ്ചായത്തിലെ ചക്കപ്പാടം റോഡിലെ മണിമൂളി പാലത്തിന് ഒരു കോടി രൂപ അനുവദിച്ചു. വണ്ടൂര്‍ മണ്ഡലത്തില്‍ വിവിധ പദ്ധതികള്‍ക്കായി 60 ലക്ഷം രൂപയും അനുവദിച്ചു.മുണ്ടേങ്ങര പുള്ളിപ്പാടം ഓടായിക്കല്‍ വീട്ടിക്കുന്ന് റോഡിന് 40 ലക്ഷം  കാളികാവ് ചോക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വെന്തോടന്‍പടി മുത്തന്‍തണ്ട് പാലം 20 ലക്ഷം എന്നിങ്ങനെയാണ് വണ്ടൂര്‍ മണ്ഡലത്തില്‍ തുക അനുവദിച്ചത്.

തിരൂര്‍ മണ്ഡലത്തില്‍ ചുങ്കം കുട്ടികളത്താണി റോഡ് ബി.എം. ആന്‍ഡ്് ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തലിനായി 40 ലക്ഷം രൂപ ആദ്യഘട്ടത്തില്‍ അനുവദിച്ചു.

കോട്ടക്കല്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ചുങ്കംപാഴൂര്‍ റോഡ് ബി.എം. ആന്‍ഡ് ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തലിനായി രണ്ട് കോടി രൂപ ബജറ്റില്‍ അനുവദിച്ചു. പദ്ധതിക്കാവശ്യമായ തുകയില്‍ 40 ലക്ഷം രൂപയാണ് പ്രാരംഭ ഘട്ടത്തില്‍ നീക്കിവെച്ചിട്ടുള്ളത്. കൂടാതെ ഇരുപതോളം പ്രവൃത്തികള്‍ക്ക് ടോക്കണ്‍ പ്രൊവിഷനും നല്‍കിയിട്ടുണ്ട്.

മങ്കട മണ്ഡലത്തില്‍ മൂര്‍ഖനാട് പഞ്ചായത്തിലെ വെങ്ങാട് ചെമ്മലശ്ശേരി റോഡിലെ പോത്തുള്ളിച്ചിറ പാലം നവീകരണ പ്രവര്‍ത്തനത്തിന് 40 ലക്ഷം രൂപ അനുവദിച്ചു. 2015 ല്‍ ഭരണാനുമതി ലഭിച്ച മൂര്‍ഖനാട് വില്ലേജ് ഓഫീസ് കെട്ടിടനിര്‍മാണത്തിന് 37.50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. മണ്ഡലത്തിലെ പ്രധാന ഗ്രാമീണ റോഡുകള്‍ പൊതുമരാമത്തു വകുപ്പ് ഏറ്റെടുത്തു നവീകരിക്കണം എന്നതുള്‍പ്പെടെയുള്ള മണ്ഡലത്തില്‍ നിന്ന് നല്‍കിയ 20 പദ്ധതികളും ബജറ്റ് രേഖയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ വെട്ടത്തൂര്‍ പി.എച്ച്.സി നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി 40 ലക്ഷം രൂപ അനുവദിച്ചു. മണ്ഡലത്തില്‍ നിന്നും നല്‍കിയ 20 പ്രവൃത്തികളും 100 രൂപ ടോക്കണ്‍ വച്ച് ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ സമഗ്ര മേഖലകളെയും പരിഗണിച്ചുകൊണ്ടുള്ള പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ അവതരിപ്പിച്ചത്.