സ്‌കൂള്‍ ആരംഭം: അവലോകന യോഗം ചേര്‍ന്നു

post

മലപ്പുറം: സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി പൊന്നാനി നിയോജക മണ്ഡലത്തിലെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ പൊന്നാനി എ.വി. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ യോഗം ചേര്‍ന്നു. യോഗം പി.നന്ദകുമാര്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രൈമറി കുട്ടികള്‍ക്ക് കൗണ്‍സലിങ്ങ് നല്‍കാന്‍ തീരുമാനിച്ചു. ഇതിനായി പൊന്നാനി ഉപജില്ലയില്‍ വെളിയങ്കോടും

എടപ്പാള്‍ ഉപജില്ലയിലെ നന്നംമുക്കിലും സൗകര്യമൊരുക്കും. ഒക്ടോബര്‍ 28 ന് ഡി.ഇ.ഒ യുടെ നേതൃത്വത്തില്‍ യോഗം ചേരും. നവംബര്‍ അഞ്ചിന് വെളിയങ്കോട് ഹൈസ്‌കൂളില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തും. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണ സൗകര്യവും മികച്ച പഠനാന്തരീക്ഷവും ഉറപ്പാക്കാനും തീരുമാനിച്ചു.

പൊന്നാനി മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളിലും കെട്ടിടങ്ങളും പരിസരവും ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതി അംഗങ്ങള്‍ ,സ്‌കൂള്‍ അധ്യാപക - അനധ്യാപകര്‍ , പി.ടി.എ , സന്നദ്ധ സംഘടനകള്‍, നാട്ടുകാര്‍, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, എന്‍.എസ്.എസ് , എന്‍.സി.സി യൂണിറ്റുകള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാണ് ശുചീകരണം. 

യോഗത്തില്‍ തിരൂര്‍ വിദ്യാഭ്യാസ ജില്ലാ ഡി.ഇ.ഒ കെ.പി. രമേഷ് കുമാര്‍ അധ്യക്ഷനായി . പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസന്‍ ആറ്റുപുറത്ത്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ. സിന്ധു, മാറഞ്ചേരി ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് അംഗം എ.കെ സുബൈര്‍, നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ ,മാറഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസീസ് , പെരുമ്പടപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാര്‍, വെളിയംകോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ, ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ഷെഹീര്‍ ,പൊന്നാനി സബ്ജില്ലാ എ.ഇ.ഒ ടി.എസ് ഷോജ ടീച്ചര്‍ ,യു.ആര്‍.സി (എസ്.എസ്.എ) ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ ഹരിയാനന്ദകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.