തുലാവര്‍ഷം; ദേവികുളം താലൂക്കില്‍ മുന്‍കരുതല്‍ നടപടികള്‍

post

ഇടുക്കി: തുലാവര്‍ഷത്തിന് മുന്നോടിയായി ദേവികുളം താലൂക്കിലെ ദുരന്തനിവാരണ സംവിധാനങ്ങളും പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നതിനും മുന്നൊരുക്ക നടപടികള്‍ ഏകോപിപ്പിക്കുന്നതിനുമായി ദേവികുളം സബ് കളക്ടര്‍ ഓഫീസില്‍ യോഗം ചേര്‍ന്നു. അഡ്വ. എ രാജ എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍  സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ,  തഹസീല്‍ദാര്‍ ഷാഹിന രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മഴ കനക്കാനുള്ള സാധ്യത മുമ്പില്‍ കണ്ട്  വിവിധ മുന്നൊരുക്ക നടപടികള്‍ സംബന്ധിച്ച നിര്‍ദ്ദേശം യോഗത്തില്‍ ഉയര്‍ന്നു. ജാഗ്രതയോടെ മുമ്പോട്ട് പോകുവാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. താലൂക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. മണ്ണിടിച്ചില്‍ പോലുള്ള അടിയന്തിര സാഹചര്യമുണ്ടായാല്‍ വേഗത്തില്‍ മണ്ണ് നീക്കം ചെയ്യുന്നതിനും മറ്റുമായി മണ്ണ് മാന്തി യന്ത്രങ്ങള്‍ മുമ്പെ സജ്ജമാക്കണം.

അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ ഇനിയും മുറിച്ച് മാറ്റാനുണ്ടെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടപടി കൈകൊള്ളണം. നെറ്റ് വര്‍ക്ക് കവറേജ് കൂടുതല്‍ കാര്യക്ഷമമാക്കും.പെട്ടിമുടി അടക്കമുള്ള പ്രദേശങ്ങളില്‍ പെയ്യുന്ന മഴയുടെ അളവ് കമ്പനി രേഖപ്പെടുത്തി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും. ഉള്‍മേഖലകളിലേക്കുള്ള റോഡുകളുടെ ഗതാഗത പര്യാപ്തത ഉറപ്പുവരുത്തണം തുടങ്ങിയ വിവിധ നിര്‍ദ്ദേശങ്ങള്‍ വകുപ്പുകളെ ഏകോപിപ്പിച്ച് കൈക്കൊള്ളും.യോഗത്തില്‍ വിവിധ ഗ്രാമപഞ്ചായത്തുകളിലെ സക്രട്ടറിമാര്‍,പ്രസിഡന്റുമാര്‍,വനംവകുപ്പുദ്യോഗസ്ഥര്‍, ഫയര്‍ഫോഴ്‌സുദ്യോഗസ്ഥര്‍,ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ ഇതര സര്‍ക്കാര്‍ വിഭാഗങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.