സ്‌കൂള്‍ കെട്ടിടങ്ങളുടെയും സ്‌കൂള്‍ ബസുകളുടെയും ഫിറ്റ്‌നസ് ഉറപ്പാക്കണം: സംസ്ഥാന ബാലാവകാശ കമ്മീഷന്‍

post

കാസര്‍കോട്: നവംബറില്‍ സ്‌കൂളുകള്‍ തുറക്കാനിരിക്കേ ജില്ലയിലെ സ്‌കൂള്‍ കെട്ടിടങ്ങളുടെയും സ്‌കൂള്‍ ബസുകളുടെയും ഫിറ്റ്‌നസ് ഉറപ്പാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം പി.പി. ശ്യാമളാദേവി നിര്‍ദേശിച്ചു. വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട കര്‍ത്തവ്യ വാഹകരുടെ കൂടിയാലോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഏറെക്കാലം അടഞ്ഞു കിടന്ന വിദ്യാലയങ്ങള്‍ തുറക്കുന്നത് ലളിതമെന്ന് തോന്നാമെങ്കിലും സങ്കീര്‍ണമായ ദൗത്യമാണ്. വിവിധ വകുപ്പുകളുടെ ഏകീകരണത്തോടുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഈ ദൗത്യത്തില്‍ പൂര്‍ണവിജയം നേടാന്‍ നമുക്ക് സാധിക്കുകയുള്ളൂവെന്ന് ശ്യാമളാദേവി പറഞ്ഞു.

വിവിധ വകുപ്പുകളുടെ ജില്ലാ ഓഫീസര്‍മാര്‍ പങ്കെടുത്ത യോഗം സ്‌കൂള്‍ തുറക്കുന്നതോടനുബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ തീരുമാനിച്ചു. കുട്ടികള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന ക്ലാസ് മുറികള്‍, ക്യാന്റീന്‍, ലൈബ്രറി, ടോയ്‌ലറ്റ്, സ്‌കൂള്‍ ബസ് എന്നിവിടങ്ങള്‍ കൃത്യമായി സാനിറ്റൈസ് ചെയ്യും. സാമൂഹിക അകലം പാലിച്ച് ഒരു ബെഞ്ചില്‍ രണ്ട് വിദ്യാര്‍ഥികളെ മാത്രം ഇരുത്തി ക്ലാസ് നടത്തും. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കുമുള്ള കൃത്യമായ പരിശോധനകള്‍ ഉറപ്പു വരുത്തും. പരമാവധി പുറത്ത് നിന്നുള്ളവരുടെ പ്രവേശനം കുറക്കാനായി പി.ടി.എ യോഗങ്ങള്‍ സ്‌കൂള്‍ തുറന്നാലും ഓണ്‍ലൈനായി സംഘടിപ്പിക്കും. രണ്ട് ആഴ്ചയില്‍ ഒരിക്കല്‍ അധ്യാപകര്‍ വിദ്യാര്‍ഥികളുടെ പഠന പുരോഗതി വിലയിരുത്തും.

കുട്ടികള്‍ രക്ഷിതാക്കളോട് പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ അധ്യാപകരുമായി പങ്കുവെക്കാറുണ്ട്. ലോക്ഡൗണ്‍ കാലത്ത് അവര്‍ ഏതെങ്കിലും വിധത്തിലുള്ള അതിക്രമങ്ങള്‍ നേരിട്ടിരുന്നോ എന്ന് മനസ്സിലാക്കാനും അത്തരം കുട്ടികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ മറ്റ് സര്‍ക്കാര്‍ പദ്ധതികളുടെ സഹായത്തോടെ നല്‍കാനും അധ്യാപകര്‍ക്ക് സാധിക്കേണ്ടതുണ്ട്. ഓണ്‍ലൈന്‍ സൗകര്യം ലഭ്യമല്ലാത്ത വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ എത്തുന്നുണ്ടോ എന്ന് അധ്യാപകര്‍ ഉറപ്പ് വരുത്തും. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള പ്രത്യേക പാഠങ്ങള്‍ ഡയറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അധ്യാപകര്‍ക്കുള്ള പരിശീലനം നടത്തും.

എസ്.സി, എസ്.ടി, ഫിഷറീസ് വകുപ്പുകളുടെ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ മുഴുന്‍ സമയവും പഠനത്തിനായി ഉപയോഗപ്പെടുത്താനും അധ്യാപകര്‍ക്ക് കൂടി താമസ സൗകര്യം നല്‍കി അധ്യയനം എളുപ്പമാക്കാനും യോഗം നിര്‍ദ്ദേശിച്ചു. എസ്.സി വകുപ്പിന്റെ പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളില്‍ ട്യൂട്ടര്‍ സേവനം ലഭ്യമാക്കും. എസ്.സി, എസ്.ടി വിഭാഗങ്ങളിലെ ഓണ്‍ലൈന്‍ സൗകര്യം ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും. എസ്.സി, എസ്.ടി, ഫിഷറീസ്, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കിടയിലെ കൊഴിഞ്ഞുപോക്ക് കണ്ടെത്തി അവരെ തിരികെ സ്‌കൂളുകളിലേക്ക് എത്തിക്കാനായി ഫീല്‍ഡ് ജീവനക്കാരെ നിയമിക്കും.

വാഹന സൗകര്യം കുറവുള്ള 590 വിദ്യാലയങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. യാത്രാ സൗകര്യങ്ങള്‍ കുറഞ്ഞ പ്രദേശങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബോണ്ട് ബസ് സൗകര്യം ഉപയോഗപ്പെടുത്താം. സ്‌കൂളുകളില്‍ പരാതി പുസ്തകങ്ങള്‍ സൂക്ഷിക്കുകയും അവ വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വേണം. പരാതി പുസ്തകങ്ങള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുകയും ആവശ്യമായ നടപടികള്‍ സ്വീരിക്കുകയും വേണമെന്ന് യോഗം നിര്‍ദേശിച്ചു.

ബസ് സൗകര്യങ്ങള്‍ കുറവായതിനാല്‍ ഇരുചക്ര വാഹനങ്ങളില്‍ വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്ക് എത്താന്‍ സാധ്യതയുണ്ട്. സ്‌കൂളുകളില്‍ ഈ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം നല്‍കരുതെന്നും പരമാവധി കുട്ടികളെ രക്ഷിതാക്കള്‍തന്നെ വിദ്യാലയങ്ങളിലേക്ക് എത്തിക്കാന്‍ ശ്രദ്ധിക്കണമെന്നും യോഗം നിര്‍ദേശിച്ചു. വിദ്യാര്‍ഥികള്‍ ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും യോഗം വിലയിരുത്തി.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയിട്ടും ഹയര്‍സെക്കണ്ടറി തലത്തില്‍ ആഗ്രഹിക്കുന്ന കോഴ്‌സോ സ്‌കൂളോ ലഭിക്കാത്ത വിദ്യാര്‍ഥികളുടെ പ്രശ്‌നം പരിഹരിക്കാനും സ്‌കൂളുകളില്‍ നിലവിലുള്ള അധ്യാപക ഒഴിവുകള്‍ നികത്താനും നിര്‍ദ്ദേശം നല്‍കി. ഓണ്‍ലൈന്‍ ക്ലാസുകളെ തുടര്‍ന്ന് വിദ്യാര്‍ഥികളില്‍ ഉണ്ടായ നവ മാധ്യമ അടിമത്തം കുറക്കാനുള്ള സൈബര്‍ ബോധവത്കരണ ക്ലാസുകള്‍ സ്‌കൂള്‍ തുറക്കുന്ന ആദ്യമാസം തന്നെ നല്‍കാന്‍ യോഗം നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ഉരിത്തിരിഞ്ഞ വിഷയങ്ങള്‍ വിവിധ വകുപ്പുകളുടെ ശ്രദ്ധയില്‍പെടുത്തുമെന്നും നേരിട്ട് ഇടപെടേണ്ട വിഷയങ്ങളില്‍ കമ്മീഷന്‍ നേരിട്ട് ഇടപെടുമെന്നും ശ്യാമളാ ദേവി പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇടയിലെ ബന്ധത്തിന് ഗുരുതരമായ വിള്ളല്‍ വന്നിരിക്കുന്നുവെന്നും ഇത് തുടര്‍ന്നാല്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും യോഗം വിലയിരുത്തി. രക്ഷിതാക്കള്‍ക്ക് പേരന്റിങ് സംബന്ധിച്ച ക്ലാസുകള്‍ നല്‍കാനും യോഗം നിര്‍ദേശിച്ചു.