'നിലാവ്' പദ്ധതി നടപ്പാക്കാനൊരുങ്ങി തദ്ദേശ സ്ഥാപനങ്ങള്‍

post

തിരൂരങ്ങാടിയില്‍ 500 തെരുവുവിളക്കുകള്‍ക്കായി അഞ്ച് ലക്ഷം രൂപ അനുവദിച്ചു

മലപ്പുറം: ദേശീയ-സംസ്ഥാന പാതകളെ രാത്രികാലങ്ങളില്‍ പ്രകാശപൂരിതമാക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച 'നിലാവ്' പദ്ധതി തിരൂരങ്ങാടിയിലും നടപ്പാക്കുന്നു. പള്ളിപ്പടി മുതല്‍ വെന്നിയൂര്‍ വരെയുള്ള മേഖലയിലെ ദേശീയ-സംസ്ഥാന പാതകളില്‍     'നിലാവ്' പദ്ധതി പ്രകാരം ആദ്യഘട്ടത്തില്‍ 500 എല്‍.ഇ.ഡി ബള്‍ബുകള്‍ സ്ഥാപിക്കാന്‍ തിരൂരങ്ങാടി നഗരസഭ തീരുമാനിച്ചു. ഈ മേഖലയിലെ മുഴുവന്‍ വൈദ്യുതി തൂണുകളിലും എല്‍.ഇ.ഡി ബള്‍ബുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ 500 തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനായി 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപയാണ് നഗരസഭ അനുവദിച്ചത്. ജില്ലയിലെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പദ്ധതി നിര്‍വഹണത്തിനായുള്ള തയ്യാറെടുപ്പിലാണ്. പരമ്പരാഗത തെരുവു വിളക്കുകള്‍ സ്ഥാപിച്ചും അറ്റകുറ്റപണി നടത്തിയും വൈദ്യുതി നിരക്കില്‍ ഉള്‍പ്പെടെ കൂടുതല്‍ ചെലവുണ്ടാകുകയും ചെയ്യുന്നത് ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും 'നിലാവ്'പദ്ധതി നടപ്പാക്കുന്നത്. ഇതുപ്രകാരം പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളില്‍ വര്‍ഷത്തില്‍ 500 തെരുവ് വിളക്കുകള്‍ മാറ്റി സ്ഥാപിക്കും. വളരെ കുറഞ്ഞ വൈദ്യുതി നിരക്ക് മാത്രമേ ഉണ്ടാകൂ എന്നതാണ് എല്‍.ഇ.ഡി ബള്‍ബുകള്‍ സ്ഥാപിക്കാന്‍ കാരണം. കൂടുതല്‍ കാലത്തെ ഗ്യാരന്റി, അറ്റകുറ്റപണി, എല്‍.ഇ.ഡിയുടെ ദീര്‍ഘായുസ് തുടങ്ങിയവ വഴി പണം ലാഭിക്കുന്ന പദ്ധതിയ്ക്ക് കെ.എസ്.ഇ.ബിയാണ് മേല്‍നോട്ടം വഹിക്കുന്നത്.