ഇനി ഞാനൊഴുകട്ടെ തുടര്‍ പ്രവര്‍ത്തനം ഉദ്ഘാടനം സംഘടിപ്പിച്ചു

post

ഇടുക്കി: വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് പഞ്ചായത്ത് പ്രദേശത്തെ മുഴുവന്‍ നീര്‍ച്ചാലുകളുടെ പുനരുജ്ജീവനത്തിന് തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം  ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്  നിര്‍വഹിച്ചു.  വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോര്‍ജ്ജ് പോള്‍ അധ്യക്ഷനായിരുന്നു.

ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യ അതിഥിയായിരുന്നു.  പാറേമാവ് - ചെറുതോണി തോടാണ് ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കിയത്. മെഡിക്കല്‍ കോളേജിന്റെ മുന്നിലൂടെ ഒഴുകുന്ന തോട് തൊഴിലുറപ്പ് അംഗങ്ങളും ഹരിതകര്‍മ സേനാംഗങ്ങളും ചേര്‍ന്നു വൃത്തിയാക്കി. ജില്ലയിലുടനീളമുള്ള വിവിധ നീര്‍ച്ചാലുകള്‍  ഇത്തരത്തില്‍ വൃത്തിയാക്കി.  ഈ തോടിനു കുറുകെ നിര്‍മിച്ചിരിക്കുന്ന ചെക് ഡാം 2018 ലെ പ്രളയത്തില്‍ തകര്‍ന്ന് പോയിരുന്നു. ഇത് വൃത്തിയാക്കി പുനര്‍ നിര്‍മ്മിക്കുന്നതോടെ മെഡിക്കല്‍ കോളേജിലേക്ക് ശുദ്ധജലം ഈ ഡാമില്‍ നിന്നെടുക്കാന്‍ സാധിക്കും. ഇതിന്റെ സാധ്യത ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യനും ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ ജി സത്യനും ആര്‍എംഒ ഡോ. അരുണും ചേര്‍ന്ന് പരിശോധിച്ചു.