എടപ്പാള്‍ മേല്‍പ്പാലം നിര്‍മ്മാണം പുരോഗമിക്കുന്നു

post

മലപ്പുറം : എടപ്പാളിന്റെ മുഖഛായ തന്നെ മാറ്റുന്ന മേല്‍പ്പാലത്തിന്റെ  നിര്‍മ്മാണം പുരോഗമിക്കുന്നു. തൃശൂര്‍ റോഡില്‍ പൈലിങ്  പൂര്‍ത്തിയായി. കോഴിക്കോട് റോഡില്‍ പൈലിങ് പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. പില്ലറുകളുടെ ഭാരശേഷി പരിശോധന ഫെബ്രുവരി അഞ്ചിന് നടക്കും. പരിശോധന കഴിഞ്ഞാലുടന്‍ തുടര്‍ പ്രവൃത്തികളാരംഭിക്കും.

 എടപ്പാള്‍ ജങ്ഷനില്‍ കോഴിക്കോട്-തൃശൂര്‍ റോഡിനുമുകളിലൂടെയുള്ള മേല്‍പ്പാല നിര്‍മ്മാണം പൂര്‍ണമായും സര്‍ക്കാര്‍ ഭൂമിയിലൂടെയാണ്  കടന്നുപോകുന്നത്. കോഴിക്കോട് റോഡില്‍ റൈഹാന്‍ കോര്‍ണറില്‍നിന്നാരംഭിച്ച് തൃശൂര്‍ റോഡില്‍ പഴയ എ.ഇ.ഒ ഓഫീസ് വരെയുള്ള 200 മീറ്ററോളം ദൂരത്തിലാണ് മേല്‍പ്പാലം നിര്‍മിക്കുന്നത്. ഏഴര മീറ്റര്‍ വീതിയും പാര്‍ക്കിങ് സൗകര്യവും വശങ്ങളില്‍ മൂന്നര മീറ്റര്‍ സര്‍വീസ് റോഡും ഓരോ മീറ്റര്‍ വീതം ഫുട്പാത്തും നിര്‍മിക്കാനാണ് പദ്ധതി.  തൃശൂര്‍  കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജങ്ഷനാണ് എടപ്പാള്‍. നാല് റോഡുകള്‍ സംഗമിക്കുന്ന ജങ്ഷനില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലക്ക് അഞ്ചുവര്‍ഷം മുമ്പ് മന്ത്രി  ഡോ.കെ.ടി ജലീല്‍ മുന്‍കൈയെടുത്താണ് മേല്‍പ്പാലമെന്ന ആശയമുദിച്ചത്. കിഫ്ബി ഫണ്ടുപയോഗിച്ചാണ് പാലത്തിന്റെ നിര്‍മാണം.