അമ്മമാര്‍ക്കായി കാരിബാഗ് നിര്‍മ്മാണ പരിശീലനം

ഇടുക്കി : ആലക്കോട് ഇന്‍ഫന്റ് ജീസസ് എല്‍.പി. സ്‌കൂളില്‍ അമ്മമാര്‍ക്കായി കാരിബാഗ് നിര്‍മ്മാണ പരിശീലന കളരിനടത്തി. പ്ലാസ്റ്റിക് കാരിബാഗുകള്‍ നിരോധിച്ചിരിക്കുന്ന സാഹചര്യത്തില്‍ 'സീറോ കോസ്റ്റ് ' കാരിബാഗുകള്‍ നിര്‍മിച്ച് ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു പരിശീലന പരിപാടിയുടെ ലക്ഷ്യം. ഇതിനോടകം അമ്പതിലധികം അമ്മമാര്‍ പരിശീലനം നേടി. പുനരുപയോഗ സാധ്യതയും പരിസ്ഥിതി സൗഹൃദപരവുമായ വിവിധയിനം ബാഗുകളാണ് നിര്‍മ്മിച്ചത്. വീടുകളില്‍ നിന്ന് ശേഖരിച്ച പഴയ തുണികളാണ് ബാഗ് നിര്‍മാണത്തിന് ഉപയോഗിച്ചത്. ബാഗുകള്‍ ഏറ്റെടുത്ത് വിപണിയിലെത്തിക്കുന്നതിന് ആലക്കോട് പഞ്ചായത്ത് സന്നദ്ധതയറിയിച്ചിട്ടുണ്ട്. ബാഗ് വില്‍പ്പനയില്‍ നിന്നും ലഭിക്കുന്ന പണത്തിന്റെ ഒരു വിഹിതം നിര്‍മ്മാണത്തില്‍ പങ്കാളികളാകുന്ന അമ്മമാര്‍ക്കും ബാക്കി സ്‌കൂളിന്റെ വികസനത്തിനും ഉപയോഗിക്കുന്നതിനാണ് തീരുമാനം. വാര്‍ഡ് മെമ്പര്‍ റെജി സേവി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാനാധ്യാപിക സോഫിയാമ്മ ജോസ് പരിശീലന ക്ലാസുകള്‍ നയിച്ചു. അധ്യാപകരായ അരുണ്‍ .കെ. ജോര്‍ജ്, ചാള്‍സ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.