പാറല്‍ മമ്പാട്ടുമൂല ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ശുചിത്വ മിഷന്റെ പുരസ്‌ക്കാരം

post

മലപ്പുറം : വണ്ടൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം കാളികാവ് ബ്ലോക്കു പഞ്ചായത്തുമായി ചേര്‍ന്നു പൂര്‍ണമായും ഹരിത നയം പാലിച്ചു നടത്തിയ പാറല്‍ മമ്പാട്ടുമൂല എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ശുചിത്വ മിഷന്റെ അംഗീകാരം. ജില്ലാ ശുചിത്വ മിഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം മലപ്പുറത്തു നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് സ്‌കൂള്‍ അധികൃതര്‍ക്കു സമ്മാനിച്ചു.അഞ്ചു ദിവസങ്ങളിലായി നടന്ന കലോത്സവം തീര്‍ത്തും മാലിന്യ രഹിതമായാണ് സംഘടിപ്പിച്ചിരുന്നത്. ഭക്ഷണ വിതരണത്തിനു സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും ബ്ലോക്ക് പഞ്ചായത്ത് സൗജന്യമായി ലഭ്യമാക്കി. പ്ലാസ്റ്റിക് വിമുക്തമാക്കിയ കലോത്സവ നഗരിയില്‍ ജൈവ മാലിന്യങ്ങള്‍ ശേഖരിച്ചു സംസ്‌ക്കരിക്കാനും ഭക്ഷണാവശിഷ്ടങ്ങള്‍ വളര്‍ത്തു മൃഗങ്ങള്‍ക്കു ഭക്ഷണമായി പുനരുപയോഗിക്കാനും സംവിധാനമുണ്ടായിരുന്നു.

ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ പി.പി. സുനില്‍ബാബു, പ്രധാനാധ്യാപകന്‍ ടി.കെ. ഉമ്മര്‍കുട്ടി, ഡെപ്യൂട്ടി എച്ച്.എം. ബാബു തോമസ്, ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഇ.ടി. രാകേഷ്, കാളികാവ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ പി. കേശവദാസ് എന്നിവര്‍ പങ്കെടുത്തു.