വിദ്യാഭ്യാസമുന്നേറ്റത്തിന് ക്രിയ പദ്ധതിയുമായി എം.എല്‍.എ

post

മലപ്പുറം: വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ ഓരോ കുടുംബത്തിന്റെയും ശാക്തീകരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നജീബ് കാന്തപുരം എം.എല്‍.എ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ 'ക്രിയ'യുടെ ഭാഗമായുള്ള അനുമോദന ചടങ്ങുകള്‍ സമാപിച്ചു. പരിപാടി  നജീബ് കാന്തപുരം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയാണ് എം.എല്‍.എ അനുമോദിച്ചത്. അനുമോദന ചടങ്ങ് വിദ്യാഭ്യാസ മുന്നേറ്റത്തിനായുള്ള ചര്‍ച്ചകള്‍ക്ക് വേദിയായി മാറി. 

പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ ആറ് ഗ്രാമ പഞ്ചായത്തുകളിലെയും മുന്‍സിപ്പാലിറ്റിയിലെയും 1500വിദ്യാര്‍ത്ഥികളാണ്  വിവിധ കേന്ദ്രങ്ങളില്‍ നടന്ന അനുമോദന പരിപാടികളില്‍ പങ്കെടുത്തത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓരോ പഞ്ചായത്തുകളിലും വിവിധ കേന്ദ്രങ്ങളിലായാണ് അനുമോദന പരിപാടികള്‍  സംഘടിപ്പിച്ചത്. അനുമോദന പരിപാടികളോടൊപ്പം  വിദ്യാഭ്യാസ രംഗത്തെ പ്രമുഖരുടെ നേതൃത്വത്തില്‍ ഓരോ കേന്ദ്രങ്ങളിലും പ്രത്യേക കരിയര്‍ ഗൈഡന്‍സ്, പരിശീലന, ബോധവല്‍ക്കരണ പരിപാടികളും നടന്നു. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുത്തു.

പരിശീലനം, മാര്‍ഗ്ഗ നിര്‍ദ്ദേശം എന്നിവ ആവശ്യമുള്ള വിദ്യാര്‍ത്ഥികളെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ കണ്ടെത്തി ക്രിയ പദ്ധതിയുടെ ഭാഗമായി പരിശീലനം ഉറപ്പാക്കും. വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി നിയോജക മണ്ഡലത്തില്‍ വിദ്യാഭ്യാസ സര്‍വേ  നടത്തും. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ യൂണിവേഴ്സിറ്റികളില്‍ നിയോജകമ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കും. മത്സര പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനുള്ള പ്രത്യേക പരിശീലന പരിപാടികളും ക്രിയ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. 

അപേക്ഷ സമര്‍പ്പിക്കുന്നതടക്കമുള്ള  പ്രവര്‍ത്തനങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി എം.എല്‍.എ ഓഫീസില്‍ സ്റ്റുഡന്റ്സ് ഡെസ്‌ക്ക് ആരംഭിക്കും. അധ്യാപകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, പരിശീലകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരടങ്ങിയ കൂട്ടായ്മയായിരിക്കും ക്രിയ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.

പുലാമന്തോള്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് അനുമോദന പരിപാടികളുടെ  സമാപന സംഗമങ്ങള്‍ നടന്നത്. ഉന്നത വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് മെമന്റോ, അനുമോദന സര്‍ട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു. ഗൈഡന്‍സ് ക്ലാസിന് ഷാഹിദ് എളേറ്റില്‍, ഷബാബ് കത്തറമ്മല്‍, റഊഫ് കെ.ടി. ഏളേറ്റില്‍, ഷഫീക്ക് കത്തറമ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി.