അരികെ പദ്ധതി: പഠന സഹായി നിര്‍മ്മാണ ശില്പശാല നടത്തി

വയനാട് : ജില്ല പഞ്ചായത്തിന്റെ സഹകരണത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്‍സ് കൗണ്‍സിലിംഗ് സെല്‍ വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കുന്ന അരികെ പദ്ധതിയുടെ ഭാഗമായി പഠന സഹായി നിര്‍മ്മാണ ശില്പശാല നടത്തി. ഒന്നും, രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ സഹായി തയ്യാറാക്കി പുസ്തക രൂപത്തില്‍ നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ കുട്ടികളുടെ വീടുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തി മാനസിക പിന്തുണ നല്‍കി വരുകയാണ്. മാനസികമായി പ്രയാസമനുഭവിക്കുന്ന 1820 വിദ്യാര്‍ത്ഥികളെയാണ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ കണ്ടെത്തിയത്. ആദ്യ ഘട്ടത്തില്‍ 900 വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ സന്ദര്‍ശിച്ചു. പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാട്ടു വിദ്യാലയം എന്ന ശാക്തീകരണ പ്രവര്‍ത്തനവും ഉടന്‍ ആരംഭിക്കും.
പഠന സഹായി നിര്‍മ്മാണ ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹയര്‍ സെക്കണ്ടറി ജില്ലാ കോഡിനേറ്റര്‍ കെ. പ്രസന്ന, മീനങ്ങാടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഷിവി കൃഷ്ണന്‍, കരിയര്‍ ഗൈഡന്‍സ് ജില്ലാ കോഡിനേറ്റര്‍ സി.ഇ ഫിലിപ്പ്, കരിയര്‍ ഗൈഡന്‍സ് ജോയിന്റ് കോഡിനേറ്റര്‍ മനോജ് ജോണ്‍, ജില്ലാ കണ്‍വീനര്‍ കെ.ബി. സിമില്‍, ജോസ് മാത്യു, റീന ജോസഫ്, എം.കെ.രാജേന്ദ്രന്‍, കെ.അബ്ദുള്‍ റഷീദ് കെ, ഷാന്റോ മാത്യു, ജിനീഷ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.