അഷ്ടമുടി മാസ്റ്റര്‍പ്ലാന്‍-മേയര്‍ യോഗം വിളിച്ചു ചേര്‍ക്കുന്നു

post

കൊല്ലം: ജില്ലയുടെ ജീവനാഡിയായ അഷ്ടമുടിക്കായലിന്റെ സമഗ്രമായ സംരക്ഷണത്തിനും കായലിനെ ആശ്രയിച്ചു ജീവിക്കുന്നവരുടെ അതിജീവനത്തിനുമായി നടപ്പിലാക്കുന്ന ബൃഹത്തായ അഷ്ടമുടി മാസ്റ്റര്‍പ്ലാനിനെക്കുറിച്ച് പ്രാഥമികമായി ആലോചിക്കാന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ഇന്ന്(ഓഗസ്റ്റ് 02) രാവിലെ 10.30 ന് ഓണ്‍ലൈനില്‍ യോഗം വിളിച്ചുചേര്‍ക്കും. ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, ജെ.ചിഞ്ചുറാണി, എം.പിമാരായ എന്‍കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.സോമപ്രസാദ് ജില്ലയില്‍നിന്നുള്ള എം.എല്‍.എമാര്‍, കായല്‍ കടന്നു പോകുന്ന 12 പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സംയുക്തയോഗം ആണ് നടക്കുക. 

നീര്‍ത്തടങ്ങളുടെ സംരക്ഷണവും അവയുടെ സന്തുലിത ഉപയോഗത്തെയും കുറിച്ചുള്ള റാംസര്‍ ഉടമ്പടി പ്രകാരം അന്തര്‍ദേശീയ പ്രാധാന്യമുള്ള നീര്‍ത്തടങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നതാണ് അഷ്ടമുടിക്കായല്‍. സ്വാഭാവിക ജൈവ വ്യവസ്ഥ സംരക്ഷിക്കുന്നതോടൊപ്പം തദ്ദേശവാസികള്‍ക്ക് അതിജീവനത്തിന് ഉതകുന്ന നിലയ്ക്ക് കായലിലെ മല്‍സ്യ സമ്പത്ത് ഉള്‍പ്പെടെ വര്‍ദ്ധിപ്പിക്കാനും മലിനീകരണം പൂര്‍ണ്ണമായി നിയന്ത്രിക്കാനും പദ്ധതിയാണ് ആലോചനയിലുള്ളത്. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെയും തദ്ദേശീയരുടെയും സജീവമായ പങ്കാളിത്തത്തോടെ അഷ്ടമുടിക്കായലിലെ സ്വാഭാവിക ഒഴുക്കും  ആവാസവ്യവസ്ഥയും വീണ്ടെടുക്കാന്‍  ഗൗരവമായ ശ്രമങ്ങള്‍ ഉണ്ടാകുമെന്ന് മേയര്‍ പറഞ്ഞു. കായല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളില്‍  നടന്ന ശ്രമങ്ങളുടെ പരിമിതികള്‍ പ്രത്യേകമായി പരിശോധിച്ച് അവ ആവര്‍ത്തിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തും. ഇത്തരം സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പൊതുവില്‍ ആരോപിക്കപ്പെടുന്ന കാര്യശേഷിക്കുറവ് അഷ്ടമുടി മാസ്റ്റര്‍പ്ലാനിന്റെ കാര്യത്തില്‍ സംഭവിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക ശ്രദ്ധ തുടക്കം മുതലേ ഉണ്ടാകുമെന്നും മേയര്‍ പറഞ്ഞു.