സ്ത്രീപീഢനങ്ങള്‍ക്കെതിരായി ബോധവത്കരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു

post

മലപ്പുറം : വനിതാ ശിശു വികസന വകുപ്പ് സ്ത്രീ സുരക്ഷയ്ക്കായി നടപ്പാക്കുന്ന കനല്‍ ബോധവത്കരണ കര്‍മ്മ പരിപാടിയോടനുബന്ധിച്ച് ജില്ലാതലത്തില്‍ സ്ത്രീപീഢനങ്ങള്‍ക്കെതിരായി 181 എന്ന മിത്ര ഹെല്‍പ്പ് ലൈന്‍ നമ്പറോട് കൂടിയ പോസ്റ്റര്‍ ജില്ലാ കലക്ടറുടെ ചുമതലയുള്ള പ്രേം കൃഷ്ണന്‍ അസിസ്റ്റന്റ് കലക്ടര്‍ സഫ്ന നസ്റുദ്ധീന് നല്‍കിയും ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖയ്ക്ക് നല്‍കിയും പ്രകാശനം ചെയ്തു. പെണ്‍ ശബ്ദങ്ങള്‍ മുഴങ്ങട്ടെ! പ്രതിഷേധ ശബ്ദങ്ങള്‍ ഉയരട്ടെ! സഹിച്ചും ക്ഷമിച്ചും കഴിയേണ്ട ഒരു ബാധ്യതയും സ്ത്രീകള്‍ക്കില്ല. അതിക്രമങ്ങളോട്  പ്രതികരിക്കാം, പ്രതിഷേധിക്കാം; ഞങ്ങള്‍ ഒപ്പമുണ്ട് എന്നി വാക്കുകളാണ് കലണ്ടര്‍ വലിപ്പമുള്ള മള്‍ട്ടികളര്‍ 181 മിത്ര പോസ്റ്ററിലുള്ളത്.

സംസ്ഥാന തലത്തില്‍ കനല്‍ പദ്ധതിയുടെ ഉദ്ഘാടനം വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള കനല്‍ പദ്ധതിയുടെ ലോഗോയുടെ അനിമേഷന്‍ വീഡിയോയും 181 മിത്ര പോസ്റ്ററിന്റെയും പ്രകാശനവും വിവിധതരം അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍ സംബന്ധിച്ച കൈപ്പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. 

സ്ത്രീ സുരക്ഷയ്ക്കായി നിലവിലുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക, ഗാര്‍ഹിക/സ്ത്രീധന പീഢനം നേരിടുന്ന സ്തരീകള്‍ക്ക് അവയെ ചെറുക്കുന്നതിനായി  ശാക്തീകരിക്കുക, അവര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ആവശ്യമായ നിയമസഹായം, കൗണ്‍സിലിംഗ് എന്നിവ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് കനല്‍ ബോധവത്കരണ കര്‍മ്മ പരിപാടി നടപ്പാക്കുന്നത്. 

സ്ത്രീകള്‍ക്ക് നേരെ സമീപ കാലങ്ങളില്‍ വര്‍ദ്ധിച്ച് വരുന്ന സ്ത്രീധന പീഢനങ്ങള്‍/ഗാര്‍ഹിക പീഢനങ്ങള്‍, ഇവയെ തുടര്‍ന്നുണ്ടാകുന്ന മരണങ്ങള്‍ എന്നിവ തടയേണ്ടതും, ഇവയ്ക്കെതിരെ  അവബോധം സൃഷ്ടിച്ച് ലിംഗ സമത്വത്തിന് ഊന്നല്‍ നല്‍കുന്നതിനുമായി  വനിതാ ശിശുവികസന വകുപ്പ് സ്ത്രി സുരക്ഷാ പദ്ധതികളെക്കുറിച്ച് സ്ത്രീധന ഗാര്‍ഹിക പീഢനങ്ങള്‍ക്കെതിരായി കാര്‍ഡുകളും പോസ്റ്ററുകളും അച്ചടിച്ച് വിതരണം ചെയ്യുകയും ദൃശ്യ-ശ്രവ്യ - സമൂഹ മാധ്യമങ്ങളിലൂടെ വേണ്ടത്ര പരസ്യ പ്രചാരണങ്ങള്‍ നല്‍കുകയും വിവിധ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നുമുണ്ട്.