പകർച്ചപ്പനി ചികിത്സാ മാർഗരേഖ പുതുക്കും

post

സംസ്ഥാനത്തെ പകർച്ചപ്പനി ചികിത്സാ മാർഗരേഖ പുതുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചികിത്സയിൽ എലിപ്പനി പ്രതിരോധം ഉറപ്പ് വരുത്തും. ഏത് പനിയാണെങ്കിലും പ്രത്യേകം ശ്രദ്ധിക്കണം. പനി വന്നാൽ എലിപ്പനിയല്ലെന്ന് ഉറപ്പ് വരുത്തണം. ക്യാമ്പുകളിലുള്ളവർ, ആരോഗ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ, മാധ്യമ പ്രവർത്തകർ തുടങ്ങി വെള്ളത്തിലിറങ്ങുന്ന എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണമെന്നും മന്ത്രി വ്യക്തമാക്കി.


മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്ന് ജില്ലകളുടെ അവലോകനം നടത്തി. എല്ലാ ക്യാമ്പുകളിലും ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പ് വരുത്തി. എല്ലാ ജില്ലകൾക്കും ഇതുസംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. ക്യാമ്പുകളിൽ കഴിയുന്ന പ്രായമായവർ, മറ്റ് ഗുരുതര രോഗമുള്ളവർ, കുട്ടികൾ, ഗർഭിണികൾ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം. ക്യാമ്പുകളിൽ കോവിഡ് പ്രതിരോധം തുടരണം. എല്ലാവരും മാസ്‌ക് ധരിക്കണം. ക്യാമ്പുകളിൽ കഴിയുന്നവർക്ക് വാക്സിനേഷൻ നൽകണം.


മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള ആശുപത്രികൾ സജ്ജമാണ്. രോഗികൾ കൂടുതൽ എത്തുകയാണെങ്കിൽ അതനുസരിച്ച് കിടക്കകൾ വർധിപ്പിക്കാൻ ഇപ്പോഴേ പദ്ധതി തയ്യാറാക്കാൻ നിർദേശം നൽകി. ജില്ലകളിൽ ഡോക്സിസൈക്ലിൻ, ജീവിതശൈലീ മരുന്നുകൾ, ആന്റിവെനം, ഐ.ഡി.ആർ.വി., ഇമ്മ്യൂണോഗ്ലോബുലിൻ, ഒ.ആർ.എസ്. എന്നിവ ഉറപ്പ് വരുത്തണം. ക്യാമ്പുകളിൽ പനിയുള്ളവരെ മാറ്റിപ്പാർപ്പിക്കണം. ആന്റിജൻ കിറ്റുകൾ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. പ്രളയബാധിത മേഖലയിലും ട്രൈബൽ മേഖലയിലുമുള്ള ഗർഭിണികളെ പ്രത്യേകം ശ്രദ്ധിക്കണം.


ക്യാമ്പുകളിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി തുടരണം. കൊതുകിന്റെ ഉറവിട നശീകരണത്തിനും പ്രാധാന്യം നൽകണം. പ്രളയാനന്തരമുണ്ടാകുന്ന വെല്ലുവിളി മുന്നിൽക്കണ്ട് പ്രവർത്തിക്കണം. പകർച്ചവ്യാധി പ്രതിരോധത്തിന് വളരെ പ്രധാന്യം നൽകണം.