സ്മാര്‍ട്ടായി മങ്കടയിലെ വിദ്യാലയങ്ങള്‍

post

മലപ്പുറം: പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ ഹൈടെക്കായിരിക്കുകയാണ് മങ്കട ഉപജില്ലയിലെ വിദ്യാലയങ്ങള്‍.  കൈറ്റിന്റെ ആഭിമുഖ്യത്തില്‍ മങ്കട ഉപജില്ലയിലെ ഏഴു ഗ്രാമപഞ്ചായത്തുകളിലെ 89 സ്‌കൂളുകളാണ് ഹൈടെക്കായി മാറിയിരിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ പൊതു വിദ്യാലയങ്ങള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി 748 ലാപ്‌ടോപ്പുകളും 335 പ്രോജെക്ടറുകളും 737 സ്പീക്കറുകളുമാണ്  മങ്കട ഉപജില്ലയിലെ സ്‌കൂളുകള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിച്ചത്.  മറ്റ് ഏജന്‍സികള്‍, പഞ്ചായത്ത്, എംഎല്‍എ ഫണ്ട് എന്നിവയുടെ സഹായത്താല്‍ ലഭിച്ച 38 ലാപ്‌ടോപ്പുകളും 19 പ്രോജെക്ടറുകളും 14 സ്പീക്കറുകളും സ്‌കൂളുകളില്‍ ഉപയോഗിച്ച് വരുന്നു.

ക്ലാസ്‌റൂമുകള്‍ ഹൈടെക്ക് ആയതോടെ പവര്‍ പോയിന്റ് പ്രസന്റേഷനിലൂടെ സെമിനാറുകള്‍ അവതരിപ്പിക്കാനും പഠന പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഇടപെടാനും കുട്ടികള്‍ക്ക് കഴിയുന്നുണ്ടെന്നും ഇതിലൂടെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെട്ടതായും  മങ്കട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.എസ്.മുരളീധരന്‍ പറഞ്ഞു. ലാപ്‌ടോപ്പുകള്‍, പ്രൊജക്ടറുകള്‍ എന്നിവക്ക് പുറമെ ടൈലുകള്‍ പാകിയുള്ള ക്ലാസ് മുറികള്‍, ലൈറ്റുകള്‍, ഫാന്‍ തുടങ്ങിയ  പ്രവര്‍ത്തനങ്ങളും സ്‌കൂളുകളെ ഹൈടെക്കാക്കി  മാറ്റുന്നു. മുന്‍ വര്‍ഷത്തില്‍ നിന്ന് പ്രൈമറി സ്‌കൂളുകളും ഹൈടെക് സ്‌കൂളുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.