ശുചീകരണം സജീവമാക്കി പുനലൂര്‍ നഗരസഭ

post

കൊല്ലം : പുനലൂരില്‍ ശുചീകരണം ഊര്‍ജിതമാക്കി കൊതുകുജന്യ രോഗങ്ങളെ പ്രതിരോധിക്കാന്‍ നഗരസഭാ ചെയര്‍പേഴ്സന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തന രൂപരേഖയും  തയ്യാറാക്കി. വാര്‍ഡ് തലത്തില്‍ ആശാ വര്‍ക്കര്‍, ഗ്രീന്‍ വോളണ്ടിയേഴ്സ്, ആര്‍.ആര്‍.ടി എന്നിവരെ സംയോജിപ്പിച്ചു കൊണ്ട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. വാര്‍ഡുകളില്‍ ക്ലസ്റ്റര്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കും. നഗരസഭാ പരിധിയിലെ എല്ലാ വീടുകളുടെയും പരിസരം വൃത്തിയാക്കാനും  ഉറവിട നശീകരണ ത്തിനും ക്ലസ്റ്ററുകളുടെ മേല്‍നോട്ടം ഉണ്ടാകും. ഓടകള്‍, അഴുക്കുചാലുകള്‍ എന്നിവ ശുചീകരിക്കും. പരിസ്ഥിതിക്കു ദോഷകരമല്ലാത്ത പൈറിത്രോണ്‍ പോലെയുള്ള അണുനാശിനി പ്രയോഗിച്ച് സമ്പൂര്‍ണ്ണ  കൊതുകു നിര്‍മ്മാര്‍ജ്ജനം ആണ് ലക്ഷ്യം. ഇന്ന് (ജൂലൈ 21) മുതല്‍ 23 വരെ  വാര്‍ഡുതല ജാഗ്രതാ സമിതികള്‍ ചേരും.

ഓടകള്‍ വൃത്തിയാക്കുന്നതിന്റെ ഔപചാരിക ഉദ്്ഘാടനം പുനലൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്മി ഏബ്രഹാം  നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ വി.പി.ഉണ്ണിക്കൃഷ്ണന്‍, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷരായ  വസന്താ രഞ്ചന്‍, ഡി. ദിനേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.