തലപ്പാടിയില്‍ സംയോജിത ചെക്ക് പോസ്റ്റ് സമുച്ചയം: ശിലാസ്ഥാപനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു

post

കാസര്‍കോട് : കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ നിര്‍മ്മിക്കുന്ന സംയോജിത ചെക്ക് പോസ്റ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. അതിര്‍ത്തി പ്രദേശങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ കുറയ്ക്കുക, വനം കുറ്റകൃത്യങ്ങള്‍ക്ക് തടയിടുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിക്കുന്ന പദ്ധതി മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനും വനപരിപാലനപ്രവര്‍ത്തനങ്ങളുടെ ശാക്തീകരണത്തിനും ഏറെ പ്രയോജനകരമായിരുക്കുമെന്ന് മന്ത്രി പറഞ്ഞു. സംയോജിത ഫോറസ്റ്റ് ചെക്ക്പോസ്റ്റ് സമുച്ചയങ്ങള്‍ 10.27 കോടി രൂപ ചെലവിലും ഫോറസ്റ്റ് സ്റ്റേഷനുകള്‍ 11.27 കോടി രൂപ ചെലവിലുമാണ് നിര്‍മ്മിക്കുക. അടുത്തവര്‍ഷം മാര്‍ച്ചോടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ആദ്യമായാണ് സംയോജിത ചെക്ക്പോസ്റ്റ് സമുച്ചയം നിര്‍മ്മിക്കുന്നത്. വിവരവിജ്ഞാന കേന്ദ്രം, വനശ്രീ ഇക്കോഷോപ്പ്, മറ്റു അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പ്രധാന ചെക്ക്പോസ്റ്റുകളെ സംയോജിത ഫോറസ്റ്റ് ചെക്പോസ്റ്റ് കോംപ്ലക്സുകളാക്കി മാറ്റുന്നതാണ് പദ്ധതി. നൂറ് ദിന പദ്ധതികളുടെ ഭാഗമായി ഒന്‍പത് ജില്ലകളിലായി 14 സംയോജിത ഫോറസ്റ്റ് ചെക്കപോസ്റ്റ് സമുച്ചയങ്ങളാണ് നിര്‍മ്മിക്കുക. നബാര്‍ഡ് ആര്‍ഐഡിഎഫ് ധനസഹായത്തോടെ സംസ്ഥാനത്ത് 15 പുതിയ ഫേറസ്റ്റ് സ്റ്റേഷന്‍ കെട്ടിടങ്ങളും 100 ദിനപദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും.