പത്തനംതിട്ടയ്ക്ക് അഞ്ച് ആര്‍.ടി.പി.സി.ആര്‍ വാഹനങ്ങള്‍കൂടി

post

ഫ്ളാഗ് ഓഫ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

പത്തനംതിട്ട: കൂടുതല്‍ ആളുകളിലേക്ക് നേരിട്ടെത്തി കോവിഡ് സ്രവ പരിശോധനയ്ക്ക് കഴിയുന്ന ആര്‍.ടി.പി.സി.ആര്‍ മൊബൈല്‍ ടെസ്റ്റിംഗ് വാഹനങ്ങള്‍ പത്തനംതിട്ട ജില്ലയെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രയോജനംചെയ്യുമെന്ന് ആരോഗ്യമന്ത്രി വകുപ്പ് വീണാ ജോര്‍ജ് പറഞ്ഞു. കോവിഡിന്റെ മൂന്നാം തരംഗത്തെ ജില്ലയ്ക്ക് ഫലപ്രദമായി നേരിടാനും ഇതിലൂടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മൊബൈല്‍ ലാബ് യൂണിറ്റിന്റേയും അഞ്ച് വാഹന യൂണിറ്റുകളുടേയും ഫ്ളാഗ് ഓഫ് കളക്ടറേറ്റ് പരിസരത്ത് നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. 

കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജില്ലയില്‍ ആര്‍.ടി.പി.സി.ആര്‍ മൊബൈല്‍ ടെസ്റ്റിംഗ് വാഹനങ്ങളിലൂടെ ഒരു ദിവസം 1800ന് മുകളില്‍ സ്രവ പരിശോധന നടത്താനാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വാക്സിനേഷന്‍ രജിസ്ട്രേഷന്‍ ഡ്രൈവ് നടത്താനും ആരോഗ്യവകുപ്പ് ആലോചിക്കുന്നുണ്ട്. കേന്ദ്ര വാക്സിന്‍ നയത്തിനനുസരിച്ച് സംസ്ഥാനത്തിന് വാക്സിന്‍ ലഭ്യമാകുകയാണെങ്കില്‍ ജൂണ്‍ 21 മുതല്‍ 18 വയസുമുതലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുന്നതിന് രജിസ്ട്രേഷന് ആവശ്യമാണ്. ഈ രജിസ്ട്രേഷന്‍ എല്ലാവര്‍ക്കും പ്രയോജനകരമാക്കുന്നതിനാണ് വാക്സിനേഷന്‍ രജിസ്ട്രേഷന്‍ ഡ്രൈവിന് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മൊബൈല്‍ ലാബ് യൂണിറ്റ് കോഴഞ്ചേരി റീജിയണല്‍ പബ്ലിക്ക് ഹെത്ത് ലാബിനോട് ചേര്‍ന്നാണു പ്രവര്‍ത്തനം നടത്തുക. ആര്‍.ടി.പി.സി.ആര്‍ മൊബൈല്‍ ടെസ്റ്റിംഗ് വാഹനത്തില്‍ രണ്ട് ആര്‍.ടി.പി.സി.ആര്‍ മെഷീനുകളാണുള്ളത്. ഒരു മണിക്കൂറില്‍ 200 സാമ്പിളുകള്‍ ശേഖരിക്കാന്‍ ഈ വാഹനത്തിനു കഴിയും. ആര്‍.ടി.പി.സി.ആര്‍ മൊബൈല്‍ ടെസ്റ്റിംഗ് വാഹനങ്ങളില്‍ ശേഖരിക്കുന്ന ശ്രവ പരിശോധനകളുടെ ഫലം 24 മണിക്കൂറിനുള്ളില്‍ അറിയാന്‍ സാധിക്കും.

ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, എന്‍.എച്ച്.എം: ഡി.പി.എം ഡോ.എബി സുഷന്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.സി.എസ് നന്ദിനി, ജില്ലാ ഒഫ്ത്താല്‍മിക് കോ-ഓര്‍ഡിനേറ്റര്‍ എം.സി അജിത്ത് കുമാര്‍, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ സുനില്‍ കുമാര്‍, എന്‍.എച്ച്.എം കണ്‍സള്‍ട്ടന്റ് തേജസ് ഉഴവത്ത്, സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ നിഹാസ് തുടങ്ങിയവര്‍ പങ്കെടുത്തു.