ജില്ലാ ഹോമിയോ ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സ

post

കൊല്ലം: തേവള്ളി ജില്ലാ ഹോമിയോപ്പതി ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സാ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്തിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ആരംഭിച്ച വിഭാഗത്തില്‍ കോവിഡാനന്തര രോഗങ്ങള്‍ക്കുള്ള ചികിത്സ, കൗണ്‍സിലിംഗ്, ടെലിമെഡിസിന്‍ സംവിധാനം, നാച്ചുറോപ്പതി, ഡയറ്റ്-യോഗ ഡോക്ടര്‍മാരുടെ സേവനം, കോവിഡ് പ്രതിരോധ മരുന്നു വിതരണം എന്നിവ ലഭ്യമാണെന്ന് ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ്  ഡോ. ഷീന അറിയിച്ചു. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ രണ്ടു വരെയാണ് പ്രവര്‍ത്തനസമയം. 8547624213 നമ്പരില്‍ സേവനങ്ങള്‍ക്ക് ബന്ധപ്പെടാം.

അഞ്ചല്‍ ഈസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം  ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. 100 കിടക്കകളും അനുബന്ധ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പഞ്ചായത്ത് തലത്തില്‍ വാര്‍ റൂം, ഹെല്‍പ്പ് ഡെസ്‌ക് എന്നിവയും വാര്‍ഡുതല ജാഗ്രതാ സമിതികളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതായി അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബൈജു പറഞ്ഞു.

ഇത്തിക്കര ബ്ലോക്ക്പഞ്ചായത്ത് പരിധിയിലെ ചാത്തന്നൂര്‍ പ്രീ-മെട്രിക് ഹോസ്റ്റലില്‍ മെയ് 10ന് പ്രവര്‍ത്തനമാരംഭിച്ച സ്റ്റെപ്പ് ഡൗണ്‍ സി.എഫ്.എല്‍.ടി.സി.യില്‍ നിന്ന് 49 പേര്‍ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.  പ്രതിരോധ മരുന്നുകളുടെ വിതരണം, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, ശുചീകരണം തുടങ്ങിയവ വാര്‍ഡ് തലത്തില്‍ പുരോഗമിക്കുന്നതായി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ പറഞ്ഞു.

പനയം ഗ്രാമപഞ്ചായത്തചന്റ 140 കിടക്കകളുള്ള ഡി.സി.സി പെരുമണ്‍ എന്‍ജിനീയറിങ് കോളേജില്‍ പ്രവര്‍ത്തിച്ചുവരുന്നു. 40 പേര്‍ ചികിത്സയിലുണ്ട്.  പഞ്ചായത്തിലെ 16 വാര്‍ഡുകളിലും  ഹോമിയോ ആയുര്‍വേദ മരുന്നുകളുടെ രണ്ടാം ഘട്ട വിതരണം പൂര്‍ത്തിയായി. കിടപ്പുരോഗികള്‍ക്ക് വാക്സിനേഷന്‍ പുരോഗമിക്കുന്നു. കോവിഡ് ബാധിച്ചവരുടെ വീടുകളില്‍  സന്നദ്ധസേനയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. അഞ്ച് ആംബുലന്‍സുകളുടെ സേവനവും ലഭ്യമാക്കിയതായി പ്രസിഡന്റ് ഡോ. കെ.രാജശേഖരന്‍ അറിയിച്ചു.