വനമേഖലയിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് കാലവര്‍ഷം ശക്തമാകുന്നതിന് മുമ്പെ കോവിഡ് വാക്സിനേഷന്‍

post

മലപ്പുറം: കാലവര്‍ഷത്തിന് മുന്നോടിയായി നിലമ്പൂര്‍ വന മേഖലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് അടിയന്തിരമായി കോവിഡ് 19 വാക്സിനേഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉത്തരവിട്ടു. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല, ഫീല്‍ഡ്തല ടീമുകള്‍ നേരത്തെ രൂപീകരിച്ചിരുന്നെങ്കിലും ചില പട്ടികവര്‍ഗ്ഗ കോളനികളില്‍ കോവിഡ് പടര്‍ന്നു പിടിക്കുന്നത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് കൂടുതല്‍ നിര്‍ദേശങ്ങളടങ്ങിയ പുതിയ ഉത്തരവ് പുറത്തിറക്കിയത്.

പ്രത്യേക കോവിഡ് പരിശോധന യജ്ഞത്തിന്റെ ഭാഗമായി പട്ടിക വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ ആളുകളെയും കോവിഡ് ടെസ്റ്റിന് വിധേയമാക്കാനാണ് നിര്‍ദേശം. ഇതിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പട്ടികവര്‍ഗ്ഗ വികസന വകുപ്പാണ് ചെയ്യേണ്ടത്. പരിശോധനയില്‍ കോവിഡ് പോസിറ്റീവായവരെ കോളനികളില്‍ നിന്നും മാറ്റി പാര്‍പ്പിക്കുന്നതിനായി പഞ്ചായത്ത് തലത്തില്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രമായി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രത്യേക ഗൃഹവാസ പരിചരണ കേന്ദ്രങ്ങളും ആരംഭിക്കും. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ വരുന്ന ഐ.ജി.എം.ആര്‍.എസ് ഉള്‍പ്പടെയുള്ള മുഴുവന്‍ സ്ഥാപനങ്ങളിലേയും ആളുകളെ ഉപയോഗപ്പെടുത്തിയാണ് ഇത് നടപ്പാക്കുക.

പരിശോധനകള്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ പ്രത്യേകം ടീമിനെ നിയോഗിക്കും. ടെസ്റ്റിംഗ്, വാക്സിനേഷന്‍ എന്നിവയ്ക് അനുബന്ധമായിട്ടുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിനുമായി അതത് തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാര്‍ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെട്ടാണ് നടപടികള്‍ സ്വീകരിക്കേണ്ടത്. പരിശോധന പ്രവര്‍ത്തനങ്ങള്‍ പ്രൊജക്ട് ഓഫീസര്‍ ഐ.ടി.ഡി.പി നിലമ്പൂര്‍, തഹസില്‍ദാര്‍ എല്‍.ആര്‍. നിലമ്പൂര്‍, നിലമ്പൂര്‍ ഗവ. മൊബൈല്‍ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ എന്നിവരാണ് ഏകോപിപ്പിക്കുക.