ജില്ല തെരഞ്ഞെടുപ്പിന് സജ്ജം ;ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

post

· 33,21,038 വോട്ടര്‍മാര്‍ നാളെ പോളിങ് ബൂത്തുകളിലേക്ക്

· 4875 പോളിങ് ബൂത്തുകള്‍

· 117 സ്ഥാനാര്‍ത്ഥികള്‍

മലപ്പുറം : നിയമസഭാ, മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി.  വോട്ടെടുപ്പ് നാളെ (ഏപ്രില്‍ ആറിന്) രാവിലെ ഏഴ് മുതല്‍  രാത്രി ഏഴ് വരെയാണ്. ഇതില്‍ വൈകീട്ട് ആറ് മുതല്‍ ഏഴ് വരെ കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരമാണ്. ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍(എസ്.സി) എന്നീ മൂന്ന് നിയോജകമണ്ഡലങ്ങളിലെ വോട്ടിങ് സമയം രാവിലെ  ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയായിരിക്കും. കോവിഡ് മാര്‍ഗരേഖകള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുക. 16 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 111 സ്ഥാനാര്‍ഥികളും മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ ആറ് സ്ഥാനാര്‍ഥികളുമാണ് ജനവിധി തേടുന്നത്.

ജില്ലയില്‍ 80 വയസ്സിന് മുകളില്‍ പ്രായമുളളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് രോഗബാധിതര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ആബ്‌സെന്റീ വോട്ടേഴ്‌സ്  വിഭാഗത്തിന്റെ തപാല്‍ വോട്ടിങ് പൂര്‍ത്തിയായിട്ടുണ്ട്. 96.17 ശതമാനം പോളിങാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജില്ലയില്‍ ഈ വിഭാഗത്തില്‍ തപാല്‍ വോട്ട് അനുവദിച്ച  28190 പേരില്‍ 27110 പേര്‍ തപാല്‍ വോട്ടിങ് സൗകര്യം പ്രയോജനപ്പെടുത്തി.  1080 പേര്‍ വോട്ട് രേഖപ്പെടുത്തിയിട്ടില്ല. തപാല്‍ വോട്ടിനായി അപേക്ഷിച്ച   80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ 23347 പേരില്‍  22440 പേരും ഭിന്നശേഷി വിഭാഗത്തില്‍ 4764 വോട്ടര്‍മാരില്‍ 4598 പേരും കോവിഡ് രോഗബാധിത വിഭാഗത്തില്‍ 79 പേരില്‍  72 പേരുമാണ് വോട്ട് ചെയ്തിട്ടുള്ളത്.

  അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ടവരുടെ വോട്ടെടുപ്പ് അതത് നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായിട്ടുണ്ട്. 12ഡി ഫോം വിതരണം ചെയ്ത 1,198 പേരില്‍ 1090 പേര്‍ വിവിധ കേന്ദ്രങ്ങളിലായി വോട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 108 പേര്‍ ഒഴികെയുള്ളവരാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്.

ജില്ലയില്‍ 33,21,038 വോട്ടര്‍മാര്‍

ജില്ലയില്‍ 33,21,038 വോട്ടര്‍മാരാണുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ വനിതകളാണ്. 16 നിയമസഭാ മണ്ഡലങ്ങളിലായി 16,64,017 വനിതാ വോട്ടര്‍മാരാണുള്ളത്. 16,56,996 പുരുഷ വോട്ടര്‍മാരും 25 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് ജില്ലയിലുള്ളത്. തിരൂര്‍ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍. 2,29,458 വോട്ടര്‍മാരാണ് തിരൂരിലുള്ളത്. വനിതാ വോട്ടര്‍മാരും പുരുഷ വോട്ടര്‍മാരും തിരൂരില്‍തന്നെയാണ് കൂടുതല്‍. 1,16,691 വനിതാ വോട്ടര്‍മാരും 1,12,759 പുരുഷ വോട്ടര്‍മാരുമാണ് തിരൂരിലുള്ളത്. ഏറനാട് മണ്ഡലത്തിലാണ് ജില്ലയില്‍ ഏറ്റവും കുറവ് വോട്ടര്‍മാര്‍ (1,79,786 പേര്‍). ഏറ്റവും കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുള്ളത് തിരൂരിലാണ് (എട്ട് പേര്‍). നിലമ്പൂരില്‍ ആറ്, താനൂരില്‍ അഞ്ച്, വേങ്ങര, പൊന്നാനി മണ്ഡലങ്ങളില്‍ രണ്ടു പേര്‍ വീതം, ഏറനാട്, തിരൂരങ്ങാടി മണ്ഡലങ്ങളില്‍ ഒരാള്‍ വീതവുമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍.