45 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും ഇന്നു മുതല്‍ കൊവിഡ് വാക്സിന്‍: ജില്ലാ കലക്ടര്‍

post

കണ്ണൂർ: ജില്ലയില്‍ 45 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്ക് ഇന്നു (ഏപ്രില്‍ 1) മുതല്‍ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ജില്ലയില്‍ പ്രതിദിനം 20,000 പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍, തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികള്‍ എന്നിവ കൂടാതെ കൂടുതല്‍ പൊതു കെട്ടിടങ്ങളും വാക്സിനേഷന്‍ കേന്ദ്രങ്ങളാക്കും.

നിയമസഭാ തെരഞ്ഞെടുപ്പ്, ഉത്സവങ്ങള്‍, പൊതുപരിപാടികള്‍ തുടങ്ങിയവ അടുത്തുവന്ന സാഹചര്യത്തില്‍ പരമാവധി ആളുകള്‍ വാക്സിന്‍ സ്വീകരിച്ച് സുരക്ഷിതരാകേണ്ടത് അത്യാവശ്യമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. 45 വയസ്സ് കഴിഞ്ഞവര്‍ക്ക്www.cowin.gov.inഎന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തോ വാക്സിനേഷന്‍ കേന്ദ്രത്തില്‍ വച്ച് ആധാര്‍ കാര്‍ഡോ ഫോട്ടോ പതിച്ച മറ്റേതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡോ ഹാജരാക്കി സ്പോട്ട് രജിസ്ട്രേഷന്‍ നടത്തിയോ വാക്സിന്‍ സ്വീകരിക്കാം. 45 വയസ്സ് കഴിഞ്ഞു എന്നതിനുള്ള ഏതെങ്കിലും രേഖയാണ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യേണ്ടത്.

ഇതുവരെ, 45നു മുകളില്‍ പ്രായമുള്ള ഗുരുതര രോഗികള്‍ക്കായിരുന്നുവാക്സിന്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇന്നു മുതല്‍ 45 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കും.ജില്ലയില്‍ ഈ വിഭാഗത്തില്‍പ്പെടുന്ന 9,17,432 പേരാണുള്ളത്. ഇവര്‍ക്ക് 45 ദിവസത്തിനുള്ളില്‍ വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.