തെരഞ്ഞെടുപ്പ് ചുമതലയിലുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ പ്രത്യേക കേന്ദ്രങ്ങള്‍

post

മലപ്പുറം: തെരഞ്ഞെടുപ്പ് ചുമതലയിലുള്ള കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ വോട്ടര്‍മാരായ ജീവനക്കാര്‍, വീഡിയോ ഗ്രാഫര്‍മാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്ക് അവരവരുടെ പോളിങ് സ്റ്റേഷനുകളില്‍ നേരിട്ടെത്തി വോട്ടുചെയ്യാന്‍ സാധിക്കാത്ത പക്ഷം പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനായി ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ വളാഞ്ചേരി കാവുംപുറത്ത് പ്രവര്‍ത്തിക്കുന്ന കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ പകല്‍ വീട്ടില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറു വരെ സൗകര്യമുണ്ടാകുമെന്ന് വരണാധികാരി അറിയിച്ചു.

ഏറനാട് നിയോജകമണ്ഡലത്തില്‍ പെട്ട ജീവനക്കാര്‍ക്ക്  പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനായുള്ള വോട്ടിങ് ഫെസിലിറ്റേഷന്‍ സെന്റര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറു വരെ അരീക്കോട് ബ്ലോക്ക്  ഡെവലപ്പ്മെന്റ് ഓഫീസില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഏറനാട് അസംബ്ലി നിയോജകമണ്ഡലത്തില്‍ പെട്ട ജീവനക്കാര്‍ക്ക് ദിവസങ്ങളില്‍ ഫോറം 12 ലുള്ള അപേക്ഷയും നിയമന ഉത്തരവിന്റെ പകര്‍പ്പും ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍കാര്‍ഡും സഹിതം പോസ്റ്റല്‍ വോട്ടിങ് സെന്ററില്‍ നേരിട്ട് ഹാജരായി പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താം. നേരെത്തെ പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനായി നിര്‍ദിഷ്ട ഫോറത്തില്‍ അപേക്ഷ നല്‍കിയിട്ടുള്ള ജീവനക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് മാത്രം ഹാജരാക്കി വോട്ട് രേഖപ്പെടുത്താം.

തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള വേങ്ങര മണ്ഡലത്തില്‍ വോട്ടര്‍മാരായിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസില്‍ സ്ഥാപിച്ചിട്ടുള്ള വോട്ടര്‍  ഫേസിലിറ്റേഷന്‍ സെന്ററിലെത്തി ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ തപാല്‍ വോട്ട് ചെയ്യാം. രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെയാണ് പ്രവര്‍ത്തിക്കുക. തെരഞ്ഞെടുപ്പ് ജോലിയ്ക്ക് നിയോഗിക്കപ്പെട്ട ഉത്തരവിന്റെ പകര്‍പ്പും ഇലക്ഷന്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് അല്ലെങ്കില്‍ ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിച്ച ഫോട്ടോ പതിച്ച മറ്റേതെങ്കിലും ഒരു തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഹാജരാക്കണം.

വണ്ടൂര്‍ നിയമസഭാ മണ്ഡലത്തില്‍പ്പെട്ട പ്രിസൈഡിങ്, പോളിങ് ഓഫീസര്‍മാരായി നിയമിക്കപ്പെട്ട വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ വണ്ടൂര്‍ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്.

വള്ളിക്കുന്ന് നിയമസഭ മണ്ഡലത്തില്‍ പോളിങ് ഡ്യൂട്ടിയ്ക്ക് നിയമിച്ച ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് രേഖപ്പെടുത്തുന്നതിനുള്ള പോസ്റ്റല്‍ വോട്ടിങ് ഫെസിലിറ്റേഷന്‍ സെന്റര്‍  ഏപ്രില്‍ ഒന്ന് മുതല്‍ മൂന്ന് വരെ രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തിക്കും. വള്ളിക്കുന്ന് നിയമസഭ മണ്ഡലത്തില്‍ പോളിങ് ഡ്യൂട്ടി ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രത്തിലെത്തി വോട്ട് രേഖപ്പെടുത്താം.

നിയമസഭ മലപ്പുറം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ ഡ്യൂട്ടിയുള്ള ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ടുകള്‍ രേഖപ്പെടുത്തുന്നതിനുള്ള കൊണ്ടോട്ടി മണ്ഡലത്തിലെ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഏപ്രില്‍ ഒന്ന് മുതല്‍ മൂന്ന് വരെ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സജ്ജീകരിച്ചിട്ടുണ്ട്.