സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തും

post

മലപ്പുറം: ജില്ലയില്‍ സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാനത്തിനായി നിയോഗിക്കപ്പെട്ട പ്രത്യേക ചെലവ് നിരീക്ഷകന്‍ പുഷ്പീന്ദര്‍ സിങ് പുനിയ പറഞ്ഞു. ചെലവ് നിരീക്ഷകരുടെയും നോഡല്‍ ഓഫീസര്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ പണം, മദ്യം, പാരിതോഷികങ്ങള്‍, ഭീഷണി മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ വോട്ടര്‍മാരുടെ സ്വാധീനിക്കുകയോ ജനാധിപത്യത്തിന്റെ അന്ത:സത്ത കളങ്കപ്പെടുത്തുകയോ ചെയ്യുന്ന പ്രവര്‍ത്തികളുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സംശയാസ്പദമായ എല്ലാ പണമിടപാടുകളും നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങള്‍ ജില്ലയിലൊരുക്കും. ഇതിനായി വിവിധ വകുപ്പുകളെയും അന്വേഷണ ഏജന്‍സികളെയും ഏകോപിപ്പിക്കും. മതിയായ രേഖകളില്ലാതെ 50,000 രൂപയില്‍ കൂടുതലുള്ള പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണ്.

പ്രശ്നബാധിത ബൂത്തുകളിലും പ്രദേശങ്ങളിലും തീരദേശ മേഖലകളിലും വന മേഖലകളിലും പ്രത്യേക നിരീക്ഷണങ്ങളുണ്ടാകും. കോളനികളിലും മറ്റ് സ്ഥലങ്ങളിലും വോട്ടര്‍മാരെ പണവും മദ്യവും നല്‍കി സ്വാധീനിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കും. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ നിന്ന്  ലഭിക്കുന്ന പരാതികളില്‍  അടിയന്തരമായി നടപടി സ്വീകരിക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.