പോളിങ് സ്റ്റേഷനുകളിലെ മാലിന്യങ്ങള്‍ ഹരിത കര്‍മ്മസേനയോ പ്രാദേശിക സംഘടനകളോ ശേഖരിക്കും

post

മലപ്പുറം: നിയമസഭ, മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പോളിങ് സ്റ്റേഷനുകളില്‍ ഉണ്ടാകുന്ന ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ ഹരിത കര്‍മ്മസേനയോ സമാന പ്രാദേശിക സംഘടനകളോ വഴി ശേഖരിക്കും.പോളിങ് ദിവസം പോളിങ് സ്റ്റേഷനുകളില്‍ ഉല്‍പാദിപ്പിക്കുന്ന ബയോ മെഡിക്കല്‍, മറ്റ് മാലിന്യങ്ങള്‍ എന്നിവ ശേഖരിക്കുന്നതിനുള്ള സംവിധാനം തീരുമാനിക്കുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ശേഖരിക്കുന്ന മാലിന്യങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇമേജ് (IMAGE) ശേഖരണ കേന്ദ്രങ്ങളില്‍ നിക്ഷേപിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അടുത്തുള്ള ഇമേജ് ശേഖരണ കേന്ദ്രങ്ങളിലേക്ക് പോളിംഗ് ബൂത്തുകള്‍ മാപ്പിംഗ് ചെയ്യുന്നതിന്റെ ലോജിസ്റ്റിക്സ് തയ്യാറാക്കി ഡിഡിപി/മുനിസിപ്പാലിറ്റികളുടെ സെക്രട്ടറിമാര്‍ വഴി തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കും. പോളിങ് സ്റ്റേഷനുകളില്‍ ഉപയോഗിക്കുന്ന കോവിഡ് സുരക്ഷ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മാലിന്യ ശേഖരണ തൊഴിലാളികള്‍ക്കുള്ള പരിശീലനവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉറപ്പാക്കും.

പോളിങ് സ്റ്റേഷനുകളില്‍ ഉല്‍പാദിപ്പിക്കുന്നബയോ മെഡിക്കല്‍ ഇതര മാലിന്യങ്ങളുടെ ശേഖരണവും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. മാലിന്യ നിര്‍മാര്‍ജനത്തിനായി പഞ്ചായത്തുകള്‍ ക്ലീന്‍ കേരള കമ്പനിയുമായോ മറ്റേതെങ്കിലും ഓര്‍ഗനൈസേഷന്‍ വഴിയോ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാം. ജില്ലാ ഡിഡിപി / മുനിസിപ്പാലിറ്റി സെക്രട്ടറിമാര്‍ ഒരു മാലിന്യ ശേഖരണ പദ്ധതി തയ്യാറാക്കി ഈ മാസം 2021 മാര്‍ച്ച് 15 നകം ഡിഇഒയ്ക്ക് സമര്‍പ്പിക്കും. തെരഞ്ഞെടുപ്പ് ദിവസം പോളിങ് പൂര്‍ത്തിയായ ശേഷം മെഡിക്കല്‍ / നോണ്‍-മെഡിക്കല്‍ മാലിന്യങ്ങള്‍ പോളിംഗ് സ്റ്റേഷനുകളില്‍ നിന്ന് നീക്കംചെയ്തുവെന്ന് ബൂത്ത് ലെവല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍മാര്‍ ഉറപ്പാക്കും.