പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ ഇന്ന് മുതല്‍

post

കണ്ണൂര്‍: ജില്ലയിലെ രജിസ്റ്റര്‍ ചെയ്ത  റവന്യു , പൊലീസ് , തദ്ദേശ സ്വയംഭരണം, മുന്‍സിപ്പല്‍ കോര്‍പറേഷന്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും  പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുമുളള കൊവിഡ് 19 വാക്‌സിനേഷന്‍ ഇന്ന് ( മാര്‍ച്ച് 1) മുതല്‍ വിവിധ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് നല്‍കും. തെരഞ്ഞെടുപ്പ് ചുമതലയുള്ള  സര്‍ക്കാര്‍ ജീവനക്കാര്‍, അവരവരുടെ വീടിനടുത്തുള്ളതോ ജോലി ചെയ്യുന്ന സ്ഥാപനത്തിനടുത്തോ ഉള്ള വാക്‌സിന്‍ കേന്ദ്രങ്ങളില്‍ നിന്ന് വാക്‌സിന്‍ സ്വീകരിക്കണം.

ആദ്യഘട്ടത്തില്‍  60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.

അടുത്ത ഘട്ടം മുതല്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളും  കേന്ദ്രീകരിച്ച് ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും  60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍  ലഭ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പുകളും നടത്തിവരുന്നുണ്ട്.

പൊതുജനങ്ങള്‍  കൂട്ടം കൂടാതെയും  സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കൊവിഡ് മാനദണ്ഡങ്ങള്‍  പാലിച്ചും ആകണം  വാക്‌സിന്‍ സ്വീകരിക്കാന്‍  എത്തേണ്ടത്.

വാക്‌സിനെടുക്കാനായി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പോകുന്നവര്‍ നിര്‍ബന്ധമായും ആധാര്‍ കാര്‍ഡോ, ഫോട്ടോ പതിപ്പിച്ച ഏതെങ്കിലും അംഗീകൃത തിരിച്ചറിയല്‍ രേഖയോ കൈയില്‍ കരുതണം. 45 വയസ് മുതല്‍ 59 വയസ് വരെയുള്ളവരാണെങ്കില്‍  രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണര്‍ ഒപ്പിട്ട കോമോര്‍ബിഡിറ്റി സര്‍ട്ടിഫിക്കറ്റ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. സ്‌പോട് രജിസ്‌ട്രേഷന്‍  സൗകര്യം പ്രാബല്യത്തില്‍ വരുമ്പോള്‍ പൊതുജനങ്ങള്‍ക്ക് അറിയിപ്പ് ലഭ്യമാക്കുന്നതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.