ലൈഫ് മിഷന്‍: ഗുണഭോക്താക്കള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ കത്ത് വിതരണം ചെയ്തു

post

കൊല്ലം : ലൈഫ് മിഷനില്‍ നിര്‍മിച്ച വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന പോളിസി സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക് നിര്‍വഹിച്ചു. തദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷനായി.

കോര്‍പ്പറേഷന്‍ തല ഇന്‍ഷുറന്‍സ് പരിരക്ഷ കത്ത് വിതരണം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. കോര്‍പ്പറേഷന്‍ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗുണഭോക്താവിനുള്ള കത്ത് കല്ലുംതാഴം ഡിവിഷനില്‍ നിന്നുള്ള ശശികലയ്ക്ക് മേയര്‍ കൈമാറി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എസ് ജയന്‍ അധ്യക്ഷനായി.

കോര്‍പ്പറേഷന്‍ പരിധിയിലെ ഗുണഭോക്താക്കള്‍ക്കുള്ള കത്ത് അതാത് ഡിവിഷനുകളില്‍ ലഭ്യമാക്കും. സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പും പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ യുണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനിയും കോഇന്‍ഷുറന്‍സ് വ്യവസ്ഥയില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ മൂന്ന് വര്‍ഷത്തെ ഇന്‍ഷുറന്‍സ് ഗഡുക്കളാണ്  ലൈഫ് മിഷന്‍ മുഖേന അടയ്ക്കുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഗുണഭോക്താവിന് പ്രീമിയം അടച്ച് ഇന്‍ഷുറന്‍സ് പുതുക്കാവുന്നതാണ്. പരമാവധി നാല് ലക്ഷം രൂപവരെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക.

ചടങ്ങില്‍ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ എസ് ഗീതാകുമാരി, വിവിധ ഡിവിഷന്‍ കൗണ്‍സിലര്‍മാര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി പി കെ സജീവ്, അഡീഷണല്‍ സെക്രട്ടറി ശ്രീകാന്ത്, ഉദ്യോഗസ്ഥര്‍, ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.