നിലാവ് തെളിഞ്ഞു; തെരുവ് വിളക്കുകള്‍ ഇനി എല്‍ ഇ ഡി

post

കൊല്ലം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരമ്പരാഗത തെരുവുവിളക്കുകള്‍ പൂര്‍ണ്ണമായും എല്‍ ഇ ഡിയിലേക്ക് മാറുന്ന നിലാവ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കരുനാഗപ്പള്ളി ഗവ. ബോയ്സ് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷനായി. വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി മുഖ്യാതിഥിയായി.

പരമ്പരാഗത തെരുവുവിളക്കുകള്‍ എല്‍ ഇ ഡിയിലേക്ക് മാറുന്നതോടെ ഊര്‍ജ്ജ ഉപയോഗവും പരിസ്ഥിതി ആഘാതവും കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ 289 കോടി 82 ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്. 652 പഞ്ചായത്തുകളിലും 48 നഗരസഭകളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ലക്ഷ്യമിടുന്നതിലും  വേഗത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.  വിവാദങ്ങള്‍ക്കല്ല വികസനങ്ങള്‍ക്കാണ് കേരളത്തെ വളര്‍ത്താന്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബി ഫണ്ടിനൊപ്പം മുന്‍സിപ്പല്‍ ഫണ്ടും  വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.  സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നത് കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റിയിലാണ്.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും 500 എണ്ണം തെരുവ് വിളക്കുകള്‍ അടങ്ങുന്ന ഒന്നോ അതിലധികമോ പാക്കേജുകള്‍ ആണ് തിരഞ്ഞെടുക്കാന്‍ കഴിയുന്നത്. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി അഞ്ചാമത്തെ പാക്കേജാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ 1200, 18- വാട്ടിന്റെയും 800, 35- വാട്ടിന്റെയും എല്‍ ഇ ഡി ബള്‍ബുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ നാല് വാര്‍ഡുകളിലായി 156 ബള്‍ബുകള്‍ സ്ഥാപിച്ചു.