ഏറനാട് താലൂക്ക് ഓഫീസില്‍ ഇനി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍; ഇ ഓഫീസ് പ്രഖ്യാപനം മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു

post

മലപ്പുറം : ഏറനാട് താലൂക്ക് ഇഓഫീസ് പ്രഖ്യാപനം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. താലൂക്ക് പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കടന്നതോടെ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ സുതാര്യവും സമയബന്ധിതവുമായി ലഭ്യമാവും. അഡ്വ.എം. ഉമ്മര്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായി.

താലൂക്ക് ഇഓഫീസാക്കുന്നതിന്റെ ഭാഗമായി 60 പുതിയ കമ്പ്യൂട്ടറുകളും ഹൈസ്പീഡ് പ്രിന്റര്‍, യു.പി.എസ്, നെറ്റ് വര്‍ക്കിങ് സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്. ഐ.ടി മിഷന് കീഴിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ലഭിക്കുന്ന പരാതികള്‍ സ്‌കാന്‍ ചെയ്ത്  ഇഓഫീസ് സോഫ്റ്റ് വെയറില്‍ അപ്ലോഡ് ചെയ്ത ശേഷം അതത് സെക്ഷനില്‍ എത്തുമ്പോള്‍ പരാതിക്കാരന്റെ മൊബൈല്‍ നമ്പറിലേക്ക് റഫറന്‍സ് നമ്പറടക്കമുള്ള സന്ദേശം ലഭിക്കും. പിന്നീട് ഈ നമ്പര്‍ ഉപയോഗിച്ചായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക. ഓഫീസ് കടലാസ് രഹിതമാകുന്നതോടൊപ്പം പൊതുജനങ്ങള്‍ക്ക് താലൂക്ക് ഓഫീസില്‍ കയറിയിറങ്ങേണ്ട സാഹചര്യവും ഒഴിവാകും.     ഇ ഓഫീസിന്റെ ഭാഗമായി താലൂക്കിന് മുന്നില്‍ മനോഹരമായ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്.

നഗരസഭാ കൗണ്‍സിലര്‍മാരായ കണ്ണിയന്‍ അബൂബക്കര്‍, അഡ്വ.പ്രേമാരാജീവ്, സബ് കലക്ടര്‍ കെ.എസ്. അഞ്ജു, എ.ഡി.എം ഡോ. എം.സി റിജില്‍, ഏറനാട് തഹസില്‍ദാര്‍ കെ.ബാലരാജന്‍, അഡ്വ.കെ.പി.ഷാജു, കൃഷ്ണദാസ് രാജ, വി.അജിത് കുമാര്‍, ഹുസൈന്‍ വല്ലാഞ്ചിറ, കെ.സുനില്‍രാജ്, സി.ടി. രാജു, കാവനൂര്‍ പി. മുഹമ്മദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.