സാന്ത്വന സ്പര്‍ശം: പരാതികള്‍ക്ക് പരിഹാരവുമായി മന്ത്രിമാര്‍

post

ഇടുക്കി : ജനങ്ങളുടെ പരാതികള്‍ക്കും അപേക്ഷകള്‍ക്കും നേരിട്ട് പരിഹാരം കാണുന്നതിനായി പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിന്  ജില്ലയില്‍ തുടക്കമായി. നെടുങ്കണ്ടം മിനിസിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്ത് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.  സുപ്രധാനമായ ജനകീയ പരിപാടി സാന്ത്വനസ്പര്‍ശത്തിലൂടെ ജനങ്ങളുടെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ലക്ഷ്യമെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.  അനന്യമായ വികസന സംസ്‌കാരം കേരളത്തില്‍  നടപ്പാക്കുകയാണ് ഈ സര്‍ക്കാര്‍; ഇതിന്റെ ഭാഗമായി വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളും വികസന പാതയിലാണന്നും മന്ത്രി പറഞ്ഞു. വൈദ്യുതി മന്ത്രി എംഎം മണി  അദ്ധ്യക്ഷത വഹിച്ചു.

ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകളിലെ അദാലത്തില്‍ പരാതി പരിഹാരത്തിനായി ആയിരക്കണക്കിനാളുകളാണെത്തിയത്. പരാതികള്‍  മന്ത്രിമാരായ സി. രവീന്ദ്രനാഥും, എം.എം മണിയും നേരിട്ട് സ്വീകരിച്ചു.  ചികിത്സാ സഹായം ഉള്‍പ്പെടെ തീര്‍പ്പ് കല്‍പ്പിക്കാവുന്ന പരമാവധി പ്രശ്‌നങ്ങള്‍ക്കും മന്ത്രിമാര്‍ തീര്‍പ്പുകല്‍പ്പിച്ചു. മന്ത്രിമാര്‍ ക്കൊപ്പം ഇ എസ് ബിജിമോള്‍ എം.എല്‍.എ,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ എന്നിവരും പരാതികള്‍ കേട്ടു.  ചികിത്സാ സഹായത്തിന് അപേക്ഷിച്ചതില്‍ തീര്‍പ്പ് കല്‍പ്പിക്കാവുന്ന പരമാവധി പേരുടെ പരാതികള്‍ക്കും പരിഹാരം കണ്ടു.

റവന്യു, സര്‍വേ, ഇലക്ട്രിസിറ്റി ബോര്‍ഡ്, തദ്ദേശ സ്വയം ഭരണം, കൃഷി വകുപ്പ്, സിവില്‍ സപ്ലൈസ് തുടങ്ങി വിവിധ വകുപ്പുകളുടെ  കൗണ്ടറുകളും അദാലത്തില്‍ സജ്ജീകരിച്ചിരുന്നു. തിരക്ക് ഒഴിവാക്കുന്നതിനും ആളുകള്‍ക്ക് വിശ്രമിക്കുന്നതിനുമായി സിവില്‍ സ്റ്റേഷന്റെ അങ്കണത്തില്‍ പ്രത്യേക പന്തല്‍ ഉണ്ടായിരുന്നു. കൂടാതെ കോവഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള രജിസ്‌ട്രേഷന് വേണ്ടി പ്രത്യകം കൗണ്ടറുകളും അദാലത്തില്‍ ഒരുക്കിയിരുന്നു.

സാന്ത്വന സ്പര്‍ശം ദേവികുളം താലുക്ക് തല അദാലത്ത് ഇന്ന് (16, ചൊവ്വ)അടിമാലി വിശ്വദീപ്തി സ്‌കൂളിലും, 18 ന് വ്യാഴാഴ്ച ഇടുക്കി, തൊടുപുഴ താലുക്ക്തല അദാലത്ത് വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് പള്ളി പാരീഷ് ഹാളിലും നടത്തും. നെടുങ്കണ്ടം മിനി സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച സാന്ത്വന സ്പര്‍ശം അദാലത്തിന്റെ ഉദ്ഘാടന യോഗത്തില്‍ എം.എല്‍.എ ഇ എസ് ബിജിമോള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, ദേവികുളം സബ് കളക്ടര്‍ എസ് പ്രേം കൃഷ്ണ, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അനില്‍ കുമാര്‍, ആര്‍ ഡി ഒ അനില്‍ ഉമ്മന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വിവിധ വകുപ്പ് ജില്ലാ മേധാവികള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.