കോവിഡ്: പരിശോധനാ സംഘം വിപുലമാക്കി

post

കൊല്ലം: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് പരിശോധിക്കുന്ന സെക്ടറല്‍ മജിസ്ട്രേറ്റ്മാരുടെ നേതൃത്വത്തിലുള്ള സംഘം വിപുലമാക്കാന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍ദ്ദേശം നല്‍കി. ഇന്നലെ(ഫെബ്രുവരി 12) കൂടിയ കോവിഡ്, ദുരന്തനിവാരണം എന്നിവയുടെ അവലോകനം സംബന്ധിച്ച ഓണ്‍ലൈന്‍ യോഗത്തിലാണ് നിര്‍ദ്ദേശം.  

പോലീസ് സംഘത്തിന് പുറമേ ആരോഗ്യവകുപ്പിന്റെ സംഘം കൂടി  സെക്ടറല്‍ മജിസ്ട്രേറ്റ്മാരുടെ കൂടെ പരിശോധനയ്ക്ക് ഇറങ്ങും. പ്രതിരോധ  പ്രവര്‍ത്തനങ്ങളുടെ അവലോകനത്തില്‍ മാനദണ്ഡപാലന നിരീക്ഷണവും  നടപടിയും കര്‍ശനമാക്കണമെന്ന് കണ്ടതിനെ തുടര്‍ന്നാണ് ജില്ലാ കലക്ടറുടെ നിര്‍ദേശം. വിവിധയിടങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരും ഡെപ്യൂട്ടി കലക്ടര്‍മാരും തഹസില്‍ദാര്‍മാരും  നടത്തിയ പരിശോധനകളും  നടപടികളും  വാക്സിന്‍ നല്‍കുന്ന കാര്യങ്ങളും യോഗം വിലയിരുത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കര്‍ശനമായ പരിശോധന നടത്താനും പിഴ ഈടാക്കുന്നത് തുടരാനും യോഗം തീരുമാനിച്ചു. എ ടി എം അലക്സി തോമസ്, സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.