നാലര വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ അനുവദിച്ചത് 26561 പട്ടയങ്ങള്‍

post

1615  പട്ടയങ്ങള്‍ ഫെബ്രുവരി 15ന് വിതരണം ചെയ്യും

മലപ്പുറം: കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ജില്ലയില്‍ അനുവദിച്ചത് 26561 പട്ടയങ്ങള്‍. 2016 മെയ് 22 മുതല്‍ 2021 ജനുവരി 31 വരെയുള്ള കാലയളവില്‍ ജില്ലയില്‍ 24946  പട്ടയങ്ങള്‍ വിതരണം ചെയ്തു. ബാക്കി വിതരണത്തിന് തയ്യാറായ 1615 പട്ടയങ്ങള്‍ ഫെബ്രുവരി 15ന് മലപ്പുറം ടൗണ്‍ഹാളില്‍ നടക്കുന്ന ജില്ലാതല പട്ടയമേളയില്‍ വിതരണം ചെയ്യും. പട്ടയ വിതരണോദ്ഘാടനം ഉച്ചക്ക് 12.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജനുവരി 31 വരെ വിതരണം ചെയ്ത 24946 പട്ടയങ്ങളില്‍  1088 പട്ടയങ്ങള്‍ ഭൂരഹിതരായ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കിയവയാണ്. അവശേഷിക്കുന്ന 23,858 പട്ടയങ്ങള്‍ കേരള ഭൂപരിഷ്‌കരണ നിയമ പ്രകാരം കൈവശക്കുടിയാന്മാര്‍ക്ക് അവരുടെ കൈവശ ഭൂമിക്ക് സമ്പൂര്‍ണ ഉടമസ്ഥാവകാശം അനുവദിച്ചു കൊണ്ടുള്ളവയായിരുന്നു.

ജില്ലാതല ചടങ്ങില്‍ വിതരണം ചെയ്യുന്ന 1615 പട്ടയങ്ങളില്‍ മഞ്ചേരി ലാന്‍ഡ് ട്രൈബ്യൂനല്‍ 231 പട്ടയങ്ങളും തിരൂര്‍ ലാന്‍ഡ് ട്രൈബ്യൂനല്‍ 575 പട്ടയങ്ങളും തിരൂരങ്ങാടി ലാന്‍ഡ് ട്രൈബ്യൂനല്‍ 300 പട്ടയങ്ങളും മലപ്പുറം ലാന്‍ഡ് ട്രൈബ്യൂനല്‍ ( ദേവസ്വം) 90 പട്ടയങ്ങളും തിരൂര്‍ എല്‍.എ (ജനറല്‍) 100 പട്ടയങ്ങളും മലപ്പുറം എല്‍എ (ജനറല്‍) 100 പട്ടയങ്ങളും എല്‍.എ (എയര്‍പോര്‍ട്ട്) 70 പട്ടയങ്ങളും കൊണ്ടോട്ടി തഹസില്‍ദാര്‍ 14 പട്ടയങ്ങളും പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ ഏഴ് പട്ടയങ്ങളും( മിച്ചഭൂമി പട്ടയം) ഏറനാട് തഹസില്‍ദാര്‍ ഒരു പട്ടയവും നിലമ്പൂര്‍ തഹസില്‍ദാര്‍ 119 പട്ടയങ്ങളും( 89 മിച്ച ഭൂമി, 30 പതിവ് പട്ടയം), തിരൂരങ്ങാടി തഹസില്‍ദാര്‍ എട്ട് പട്ടയങ്ങള്‍ എന്നിങ്ങനെയാണ് വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നത്.

2020 ജനുവരി 31 വരെ വിതരണം ചെയ്ത 24946 പട്ടയങ്ങളില്‍ സര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കിയത് 551 പട്ടയങ്ങള്‍ക്കും ലക്ഷം വീട്ട് പട്ടയം 243, ഭൂരഹിത കേരളം പദ്ധതിപ്രകാരമുള്ള പട്ടയം 230, മിച്ചഭൂമി പതിവ് പട്ടയം 64, ലാന്‍ഡ് ട്രൈബ്യൂനല്‍ പട്ടയം 23858 ഉള്‍പ്പടെയുള്ള പട്ടയമാണ് വിതണം ചെയ്തത്. അതില്‍ താലൂക്കുകളായ ഏറനാട് - 327, തിരൂര്‍ -344, തിരൂരങ്ങാടി-46, പൊന്നാനി-76, നിലമ്പൂര്‍-114, പെരിന്തല്‍മണ്ണ-65, കൊണ്ടോട്ടി-116, ലാന്‍ഡ് ട്രൈബൂനലായ മഞ്ചേരി- 11278, തിരൂര്‍-5839, തിരൂരങ്ങാടി-163, ദേവസ്വം പട്ടയം-1985, എല്‍.എ(ജനറല്‍) മലപ്പുറം- 954, എല്‍.എ(ജനറല്‍) തിരൂര്‍-1339, എല്‍.എ(എയര്‍പോര്‍ട്ട്)-769, എല്‍.എ.എന്‍.എച്ച് യൂനിറ്റ് 1- 355,എല്‍.എ.എന്‍.എച്ച് യൂനിറ്റ് 2-547, എല്‍.എ.എന്‍.എച്ച് യൂനിറ്റ് 3-627 എന്നിങ്ങനെയാണ് വിതരണം ചെയ്തിട്ടുള്ളത്.

ദീര്‍ഘകാലമായി പരിഹരിക്കപ്പെടാതെ നിന്നിരുന്ന ഒട്ടേറെ ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പട്ടയമേളയോടെ വിരാമമാകും.പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട പോത്തുകല്ല് വില്ലേജ് ചളിക്കല്‍ കോളനിയിലെ 30 പട്ടിക വര്‍ഗകുടുംബങ്ങള്‍ക്ക് എടക്കര വില്ലേജിലെ ചെമ്പന്‍ കൊല്ലിയില്‍ 10 സെന്റ് ഭൂമിക്ക് വിതം പട്ടയം നല്‍കി പുനരധിവസിപ്പിക്കുകയാണ്. നിലമ്പൂര്‍ താലൂക്കിലെ അമരമ്പലം വില്ലേജില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മിച്ചഭൂമിയായി ഏറ്റെടുത്ത ഭൂമി കൈവശക്കാര്‍ക്ക് പതിച്ച് നല്‍കി ഭൂരേഖ  ചടങ്ങില്‍ അനുവദിക്കും.  സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടു കൂടിയാണ് കൈവശക്കാരായ 89 പേര്‍ക്ക് പട്ടയം അനുവദിക്കുന്നതിനായുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്. പെരിന്തല്‍മണ്ണ താലൂക്ക് എടപ്പറ്റ വില്ലേജില്‍ ഏറ്റെടുത്ത 45 സെന്റ് മിച്ചഭൂമി എട്ട് കുടുംബങ്ങള്‍ക്ക് പതിച്ചു കൊടുത്ത ഭൂരേഖ ചടങ്ങില്‍ നല്‍കും. കൈവശക്കുടിയാന്മാര്‍ക്ക് ക്രയ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്ന നടപടി വേഗത്തിലാക്കാന്‍ ജില്ലയില്‍ ഒരു ലാന്‍ഡ് ട്രൈബ്യണല്‍ കൂടി 2018 ല്‍ തിരൂരങ്ങാടി കേന്ദ്രമാക്കി സര്‍ക്കാര്‍ അനുവദിക്കുകയുണ്ടായി. സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം ഭൂമി സംബന്ധമായ രേഖകള്‍ അനുവദിക്കുന്ന നടപടികള്‍ ജില്ലയില്‍ അതിവേഗം പുരോഗമിക്കുകയാണ്.