കോവിഡ്: അനൗണ്‍സ്മെന്റുകളിലൂടെ അവബോധം വര്‍ധിപ്പിക്കും

കൊല്ലം: ബീച്ച് പരിസരങ്ങളില്‍ വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും തിരക്ക് കൂടുന്നതിനാല്‍ മൈക്ക് അനൗണ്‍സ്മെന്റുകളിലൂടെ ജനങ്ങള്‍ക്കിടയില്‍ അവബോധം വര്‍ധിപ്പിക്കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗൂഗിള്‍ മീറ്റ് യോഗത്തില്‍ ജില്ലാ കലക്ടറാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.
വാണിജ്യ ആവശ്യത്തിനുള്ള പ്രദര്‍ശനങ്ങള്‍ക്കും വ്യാപാരമേളകള്‍ക്കും തുടര്‍ന്ന് അനുമതി നല്‍കില്ല. നിലവില്‍ അനുമതി നല്‍കിയിട്ടുള്ള പ്രദര്‍ശന ശാലകളില്‍ കോവിഡ് മാനദണ്ഡ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. പാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര മേഖലകളിലെ പ്രവര്‍ത്തന സമയം വൈകുന്നേരം ആറുമണിവരെ നിജപ്പെടുത്തിയത് കര്‍ശനമായി പാലിക്കും.
പൊതുപരിപാടികളില്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ രാഷ്ട്രീയ-സാംസ്കാരിക പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ യോഗം ഉടന്‍ ചേരും. സംരക്ഷിത കുടുംബ കൂട്ടായ്മകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ തദ്ദേശസ്ഥാപന അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ശേഷം വാക്സിനേഷന് നല്കുന്ന പോലീസ്-റവന്യൂ തദ്ദേശസ്വയംഭരണ വകുപ്പുകളിലെ ജീവനക്കാര്‍ രജിസ്ട്രേഷന് നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ട്. വ്യാപാരസ്ഥാപനങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ എല്ലാ താലൂക്കുകളിലും സ്ഥാപന പ്രതിനിധികളുമായി യോഗം ചേരും.