സര്‍ക്കാറിന്റെ ചിട്ടയായ പ്രവര്‍ത്തനം പ്രളയ ആഘാതം കുറച്ചെന്ന് മുഖ്യമന്ത്രി

post

462 കുടുംബങ്ങള്‍ക്ക് വീടുവയ്ക്കാന്‍ ധനസഹായം നല്‍കി

മലപ്പുറം: പ്രളയദുരിത ബാധിതരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയത് ചിട്ടയായ പ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തിന്റെ ആഘാതം കുറയ്ക്കാന്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 2019 ലെ പ്രളയത്തിലും ഉരുള്‍പൊട്ടലിലും വീടും സ്ഥലവും നഷ്ടപ്പെട്ട 462 കുടുംബങ്ങള്‍ക്ക് പുതിയ വീട് നിര്‍മിച്ചുനല്‍കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള അവസാന ഗഡു ധനസഹായം വിതരണം ചെയ്യുന്ന ചടങ്ങ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നിലമ്പൂരില്‍ പ്രകൃതിദുരന്തത്തില്‍ 65 ജീവനുകള്‍ പൊലിഞ്ഞത് വേദനയോടെയെ ഓര്‍ക്കാനാകൂ. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചു. പ്രളയത്തില്‍ രേഖകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്ക് സാങ്കേതിക കാരണങ്ങളാല്‍ സര്‍ക്കാര്‍ സഹായം മുടങ്ങാതിരിക്കാന്‍ ശ്രദ്ധിച്ചു. പ്രളയാനന്തരം പരമാവധി കാര്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിനൊപ്പം ഇരകള്‍ക്ക് അതിജീവനത്തിനുള്ള വഴിയൊരുക്കുകയെന്നത് പ്രധാനമാണെന്നും അതിനാല്‍ നടപടികള്‍ സമയബന്ധിതമായി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിലമ്പൂര്‍, ഏറനാട്, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, തിരൂര്‍, തിരൂരങ്ങാടി  താലൂക്കുകളിലുള്ളവര്‍ക്കാണ് ധനസഹായം വിതരണം ചെയ്തത്.  നിലമ്പൂര്‍ താലൂക്കില്‍ ഭൂമിയും വീടും നഷ്ടപ്പെട്ട 222 പേര്‍ക്ക് 6,76,87,800 രൂപയും ഏറനാടില്‍ 222 പേര്‍ക്ക് 6,76,87,800 രൂപയും പെരിന്തല്‍മണ്ണയില്‍ 11 പേര്‍ക്ക് 33,53,900 രൂപയും കൊണ്ടോട്ടിയില്‍  രണ്ട് പേര്‍ക്ക്്  6,09,800 രൂപയും തിരൂരില്‍ മൂന്ന് പേര്‍ക്ക് 9,14,700 രൂപയും തിരൂരങ്ങാടിയില്‍ രണ്ട് പേര്‍ക്ക്  6,09,800 രൂപയുമാണ് അനുവദിച്ചത്.  പ്രളയത്തെത്തുടര്‍ന്ന് വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍, പുഴഗതിമാറി ഒഴുകിയതിനെത്തുടര്‍ന്ന് വാസയോഗ്യമല്ലാതായവര്‍,  പ്രകൃതി ദുരന്ത  മേഖലകളില്‍ നിന്ന് മാറ്റി പുനരധിവസിപ്പിക്കാന്‍ ജിയോളജി ടീം ശുപാര്‍ശ ചെയ്ത കുടുംബങ്ങള്‍ എന്നിവര്‍ക്ക് സ്ഥലം വാങ്ങുന്നതിന് 27,72,00,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നേരത്തെ നല്‍കിയിരുന്നു. ഇതുപ്രകാരം ഭൂമി വാങ്ങിയവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും വീട് നിര്‍മിക്കുന്നതിനായി 95,100 രൂപ വീതം വിതരണം ചെയ്തിട്ടുണ്ട്. ബാക്കി വരുന്ന 3,04,900 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കുകയായിരുന്നു. അവസാന ഗഡുവായി 14,086,3800 രൂപയാണ് വിതരണം ചെയ്തത്. കലക്ടറേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, എ.ഡി.എം ഡോ.എം.സി റജില്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ ആറ് താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രളയബാധിതര്‍ക്ക് 47.65 കോടിയില്‍പ്പരം രൂപയുടെ സാമ്പത്തിക സഹായം

പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായ ജില്ലയിലെ ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇതുവരെ അനുവദിച്ചത് 47,65,47,726 രൂപയുടെ ധനസഹായം. നിലമ്പൂര്‍ കവളപ്പാറ ഉരുള്‍പ്പൊട്ടലില്‍ ഭൂമിയും വീടും നഷ്ടപ്പെട്ട 33 കുടുംബങ്ങളുടെ പുനരധിവാസത്തിനായി വാസയോഗ്യമായ ഭൂമി വാങ്ങുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ഒരു കുടുംബത്തിന് ആറ് ലക്ഷം രൂപ എന്ന നിരക്കില്‍  1,98,00,000 (ഒരു കോടി തൊണ്ണൂറ്റിയെട്ട് ലക്ഷം രൂപ) അനുവദിച്ചു. ഇതിന് പുറമെ നിലമ്പൂരിലെ 67 കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ ഭൂമി വാങ്ങുന്നതിനായി നാല് കോടി രണ്ട് ലക്ഷം രൂപയും 94 പേര്‍ക്ക് വീട് വെയ്ക്കുന്നതിനായി  2,86,60,600 (രണ്ട് കോടി എണ്‍പത്തി ആറ് ലക്ഷത്തി അറുപതിനായിരത്തി അറുനൂറ് രൂപ) വിതരണം ചെയ്തു. പ്രളയത്തിലും ഉരുള്‍പൊട്ടലിലും മണ്ണിടിച്ചില്‍ എന്നിവ കാരണം ജീവഹാനിയും നാശനഷ്ടവും ഉണ്ടായ പ്രദേശത്ത് നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിന് ജിയോളജി ടീം ശുപാര്‍ശ ചെയ്ത ജില്ലയിലെ 462 കുടുംബങ്ങള്‍ക്ക് ഒരു കുടുംബത്തിന് ആറ് ലക്ഷം രൂപ വീതം വാസയോഗ്യമായ സ്ഥലം വാങ്ങുന്നതിനായി 27,72,00,000 ( ഇരുപത്തിഏഴ് കോടി  എഴുപത്തി രണ്ട് ലക്ഷം രൂപ) അനുവദിച്ചു.

സ്ഥലം വാങ്ങുന്നതിനായി തുക അനുവദിച്ച കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്നതിനായി  ഒരു കുടുംബത്തിന് 304900 രൂപ നിരക്കില്‍ 14,086,3800 ദുരിതാശ്വാസ നിധിയില്‍ നിന്നും വിതരണം ചെയ്തു. പ്രളയത്തില്‍ തകര്‍ന്ന നിലമ്പൂരിലെ 80 റോഡുകളുടെ പുനരുദ്ധാരണത്തിന് 10 കോടി രൂപ സര്‍ക്കാര്‍ ലഭ്യമാക്കി. 2019ലെ പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന 40 കുടുംബങ്ങള്‍ക്ക് ഓണക്കോടി നല്‍കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 23326 രൂപയും നല്‍കി.  രേഖകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്ക് അവ വീണ്ടെടുത്തു കൊടുക്കാന്‍ സഹായിച്ചതായും ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.