കണ്ണപുരം ചെറുകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ കാന്‍സര്‍ നിര്‍ണയത്തിന് സംവിധാനമൊരുങ്ങി

post

കണ്ണൂര്‍: കണ്ണപുരം പഞ്ചായത്തിലെ ചെറുകുന്ന് തറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കാന്‍സര്‍ നിര്‍ണയ ഉപകരണങ്ങള്‍ സ്ഥാപിച്ചു. കണ്ണപുരം ഗ്രാമ പഞ്ചായത്തിന്റെ കാന്‍സര്‍ വിമുക്ത കണ്ണപുരമെന്ന ദൗത്യത്തിന്റെ ഭാഗമായാണിത്.  ഗര്‍ഭാശയഗള കാന്‍സര്‍ ആരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തി ചികിത്സിക്കാനുള്ള കോള്‍പ്പോസ്‌കോപ്പി, ക്രയോതെറാപ്പി യൂണിറ്റുകളാണ് കണ്ണപുരം പഞ്ചായത്തിലെ ചെറുക്കുന്ന് തറ കുടുംബാരോഗ്യകേന്ദ്രത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍ എ യുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും അനുവദിച്ച എട്ടു ലക്ഷം രൂപ ചെലവിലാണ് ഉപകരണങ്ങള്‍ സ്ഥാപിച്ചത്. ലോക അര്‍ബുദ ദിനാചരണത്തിന്റെ ഭാഗമായാണ് കാന്‍സര്‍ നിര്‍ണയ ഉപകരണങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തിയത്.

ഗര്‍ഭാശഗള കാന്‍സര്‍ നിര്‍ണയ സംവിധാനങ്ങള്‍ ആരംഭിച്ച സംസ്ഥാനത്തെ ആദ്യ കുടുംബാരോഗ്യ കേന്ദ്രമാണ് കണ്ണപുരത്തേത്. പാപ്‌സ്മിയര്‍ ശേഖരിച്ചുള്ള പരിശോധന നിലവിലുണ്ടെങ്കിലും കോള്‍പ്പോസ്‌കോപ്പി, ക്രയോതെറാപ്പി യൂണിറ്റുകള്‍ കൂടി പ്രവര്‍ത്തനക്ഷമമാകുന്നതോടെ കോശ മാറ്റങ്ങള്‍ നേരത്തെ കണ്ടു പിടിച്ച് പ്രാഥമിക ചികിത്സകള്‍ ആരംഭിക്കാന്‍ സാധിക്കും. മലബാര്‍ കാന്‍സര്‍ സെന്ററുമായി ചേര്‍ന്നാണ് ഗര്‍ഭാശയഗള കാന്‍സറിനെതിരെ കണ്ണപുരം പ്രതിരോധം തീര്‍ക്കുന്നത്.