പ്രയാസങ്ങള്‍ തളര്‍ത്തിയ എബ്രഹാമിന് തുണയായി സര്‍ക്കാര്‍

post

കൊല്ലം : ശാരീരിക അവശതകള്‍മൂലം  വീല്‍ചെയറിലാണ്  എബ്രഹാം മന്ത്രിമാരെ നേരില്‍ കണ്ട് പരാതി ബോധിപ്പിക്കാന്‍ പുനലൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി     സ്‌കൂളില്‍ എത്തിയത്. പരസഹായമില്ലാതെ വീല്‍ചെയറില്‍ നിന്ന് ഒന്ന് ചലിക്കാന്‍ പോലുമാകാത്ത  എബ്രഹാമിന്റെ  അവസ്ഥ  ശ്രദ്ധയില്‍പെട്ട വനം വകുപ്പ് മന്ത്രി കെ രാജു ഉടന്‍തന്നെ പരാതി കേള്‍ക്കാനായി അദ്ദേഹത്തിന്റെ  അരികിലേക്ക് എത്തുകയായിരുന്നു.

ഡയബറ്റിക് രോഗം മൂര്‍ച്ഛിച്ച് ഒരു കാല്‍ നഷ്ടമായ എബ്രഹാമിന് പക്ഷാഘാതം മൂലം വലതുകാലിന്റെയും ചലനശേഷിയും നഷ്ടമായി. 65 വയസുള്ള എബ്രഹാം ഭാര്യ കുഞ്ഞുമോള്‍ക്കൊപ്പമാണ് അദാലത്തില്‍ എത്തിയത്. രണ്ടുപേര്‍ക്കും ലഭിക്കുന്ന സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷനാണ് ഇവരുടെ ജീവിതത്തിലെ ഏക ആശ്രയം. ഇവരുടെ ദയനീയാവസ്ഥ കേട്ടറിഞ്ഞ മന്ത്രി കെ രാജു ഉടന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 25000 രൂപ ചികിത്സാ ധനസഹായം അനുവദിക്കുകയായിരുന്നു.

അപേക്ഷയുമായി എത്തിയ തന്റെ അവസ്ഥ നേരിട്ടെത്തി കേട്ടറിഞ്ഞു പരിഹാരം നിര്‍ദ്ദേശിച്ച  മന്ത്രിയുടെയും സര്‍ക്കാരിന്റെയും കരുതലിന് ഒരുപാട് സ്‌നേഹവും നന്ദിയും ഉണ്ടെന്ന് എബ്രഹാം പറഞ്ഞു.