ഒബ്‌സര്‍വേറ്ററി ഹില്ലില്‍ ബഹുനില ക്വാര്‍ട്ടേഴ്‌സുകള്‍ ഉദ്ഘാടനം ചെയ്തു

post

അര്‍ഹര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് ലഭ്യമാക്കുക സര്‍ക്കാര്‍ നയം; മുഖ്യമന്ത്രി

തിരുവനന്തപുരം: മ്യൂസിയം ഒബ്‌സര്‍വേറ്ററി ഹില്ലില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി രണ്ട് ബഹുനില ക്വാര്‍ട്ടേഴ്‌സുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ഏറ്റവും അര്‍ഹര്‍ക്ക് ഇത്തരം ക്വാര്‍ട്ടേഴ്‌സുകള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ജീവനക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ദൂരസ്ഥലങ്ങളില്‍ നിന്ന് വരുന്ന ഉദ്യോഗസ്ഥര്‍ക്ക് താമസസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിപുലമായ സൗകര്യങ്ങളുള്ള നവകേരള മന്ദിരങ്ങള്‍ ഒരുക്കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവനക്കാര്‍ക്ക് താമസിക്കുന്നതിന് 4000ല്‍ പരം ക്വാര്‍ട്ടേഴ്‌സുകളാണുള്ളത്. ഇതുകൂടാതെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകളുമുണ്ട്. പാലക്കാട്, നെടുമങ്ങാട് എന്നിവിടങ്ങളില്‍ 18 ക്വാര്‍ട്ടേഴ്‌സുകള്‍ വീതം ഈ സര്‍ക്കാര്‍ പണികഴിപ്പിച്ചു. കൊല്ലം, കോട്ടയം ജില്ലകളിലെ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകളുടെ നിര്‍മാണം ഇക്കാലയളവില്‍ പൂര്‍ത്തിയാക്കി.

സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുമായി ബന്ധപ്പെട്ട് ചില ആക്ഷേപങ്ങള്‍ ഉയരാറുണ്ട്. സംസ്ഥാനത്ത് താമസ സൗകര്യം വേണ്ട ഒട്ടേറെ ജീവനക്കാര്‍ അപേക്ഷകരായി ഇപ്പോഴുമുണ്ട്. അങ്ങനെ സാഹചര്യം നിലനില്‍ക്കുമ്പോള്‍ ക്വാര്‍ട്ടേഴ്‌സ് അനുവദിക്കുന്നതും ഒഴിയുന്നതും മറ്റുമായി ബന്ധപ്പെട്ട് തെറ്റായ പ്രവണതകള്‍ കാട്ടുന്ന ചില ജീവനക്കാരുണ്ട്. സമൂഹത്തില്‍ മാതൃക കാട്ടേണ്ട സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് നിയമവിരുദ്ധമോ അനൗചിത്യമോ ആയ നടപടികള്‍ ഉണ്ടാകുന്നത് അനുവദിക്കാനാവില്ല. ക്വാര്‍ട്ടേഴ്‌സുമായി ബന്ധപ്പെട്ട പരാതികള്‍ സത്യസന്ധമായി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ വിഷയത്തില്‍ അനീതിയുണ്ടെങ്കില്‍ മാറ്റാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാന്‍ ജീവനക്കാര്‍ തയാറാകണം.

ക്വാര്‍ട്ടേഴ്‌സുകളില്‍ ജല കണക്ഷനുമായി ബന്ധപ്പെട്ട കുടിശ്ശിക ബില്‍ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും ചേര്‍ന്ന് പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സിവില്‍ സര്‍വീസിനെ പ്രാധാന്യത്തോടെ കണ്ട് അതിനനുസരിച്ചുള്ള പ്രവര്‍ത്തന സംസ്‌കാരം രൂപപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ നാടിന് ഗുണമുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ അലംഭാവം ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ സര്‍ക്കാര്‍ വന്നശേഷം ക്വാര്‍ട്ടേഴ്‌സ് അനുവദിക്കുന്നതിലെ ചട്ടവിരുദ്ധമായ നടപടികള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് വകുപ്പുമന്ത്രി ജി. സുധാകരന്‍ പറഞ്ഞു. സമയബന്ധിതമായി ഒബ്‌സര്‍വേറ്ററിയിലെ ക്വാര്‍ട്ടേഴ്‌സുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനായതായും ഏതുതരം നിര്‍മാണവും ഏറ്റെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

വി.എസ്. ശിവകുമാര്‍ എം.എല്‍.എ, കൗണ്‍സിലര്‍ പാളയം രാജന്‍, പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ ഹൈജീന്‍ ആല്‍ബര്‍ട്ട്, ചീഫ് ആര്‍കിടെക്റ്റ് പി.എസ്. രാജീവ്, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എം.ജി ലൈജു, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.ആര്‍. ബിജു, ഒബ്‌സര്‍വേറ്ററി ക്വാര്‍ട്ടേഴ്‌സ് റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബി. ജയചന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗമായ നേപ്പിയര്‍ കാഴ്ചബംഗ്ലാവിനും മൃഗശാലയ്ക്കും സമീപമായി അഞ്ചേക്കര്‍ ഒബ്‌സര്‍വേറ്ററി ഹില്ലില്‍ രണ്ടു ബ്ളോക്കുകളിലായി ടൈപ്പ്-3, ടൈപ്പ്-4 വിഭാഗങ്ങളില്‍ മൂന്നുനിലകളിലായി  12 അപ്പാര്‍ട്ട്‌മെന്റുകളാണ് പുതുതായി നിര്‍മിച്ചിരിക്കുന്നത്. നവകേരള മന്ദിരം ബ്‌ളോക്ക് എ സമുച്ചയത്തില്‍ 194 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള ടൈപ്പ് 4 ക്വാര്‍ട്ടേഴ്‌സുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ മൂന്നു കിടപ്പുമുറികള്‍, ഒരു ഡ്രോയിംഗ് കം ഡൈനിംഗ്, അടുക്കള, വര്‍ക്ക് ഏരിയ, സ്റ്റോര്‍, വരാന്ത എന്നിവയുണ്ട്. എല്ലാ കിടപ്പുമുറിയും ബാത്ത് അറ്റാച്ച്ഡ് ആണ്.

നവകേരള മന്ദിരം ബ്‌ളോക്ക് ബി സമുച്ചയത്തില്‍ 161 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ടൈപ്പ് 3 ക്വാര്‍ട്ടേഴ്‌സുകളാണുള്ളത്. രണ്ടു ബാത്ത് അറ്റാച്ച്ഡ് കിടപ്പുമുറികള്‍, ഡ്രോയിംഗ് കം ഡൈനിംഗ്, അടുക്കള, വര്‍ക്ക് ഏരിയ, സ്റ്റോര്‍, വരാന്ത എന്നിവയുണ്ട്. ഓരോ ഫ്‌ളോറിലും രണ്ടു കുടുംബങ്ങള്‍ക്ക് വീതം താമസിക്കാന്‍ കഴിയുള്ള രീതിയില്‍ മധ്യഭാഗത്ത് സ്റ്റെയര്‍ റൂം ഉള്‍പ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. വാഹനപാര്‍ക്കിംഗിനും സൗകര്യമുണ്ട്.

മൂന്നു നിലകളുള്ള കെട്ടിടങ്ങള്‍ ആര്‍.സി.സി ഫ്രെയിംഡ് സ്ട്രക്ചര്‍ ആയാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്. കെട്ടിടത്തിന്റെ വാസ്തുഘടന പൊതുമരാമത്ത് ആര്‍കിടെക്ചറല്‍ വിഭാഗവും സ്ട്രക്ചറല്‍ രൂപകല്‍പന പൊതുമരാമത്ത് ഡിസൈന്‍ വിഭാഗവുമാണ് തയാറാക്കിയത്.