പള്‍സ് പോളിയോ ഇന്ന്‌: സജ്ജമായി 24,690 ബൂത്തുകള്‍

post

വട്ടിയൂര്‍ക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സംസ്ഥാനതല ആരംഭം

തിരുവനന്തപുരം: സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കുള്ള പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സാന്നിധ്യത്തില്‍ ഇന്ന്‌ (ജനുവരി 31) രാവിലെ 8 മണിക്ക് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ തുടക്കം കുറിക്കുന്നു. മേയര്‍ ആര്യാ രാജേന്ദ്രന്‍, വി.കെ. പ്രശാന്ത് എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാര്‍ എന്നിവരും പങ്കെടുക്കും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പോളിയോ വിതരണത്തിന് തുടക്കം കുറിക്കുന്നത്. 5 വയസിന് താഴെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കണം. രോഗപ്രതിരോധ വാക്സിനേഷന്‍ പട്ടിക പ്രകാരം പോളിയോ പ്രതിരോധ മരുന്ന് നല്‍കിയിട്ടുള്ള കുട്ടികള്‍ക്കും പള്‍സ് പോളിയോ ദിനത്തില്‍ പ്രതിരോധ തുള്ളിമരുന്ന് നല്‍കേണ്ടതാണ്. കോവിഡ് പോസിറ്റീവായതോ ക്വാറന്റൈനിലായതോ ആയ കുട്ടികള്‍ക്ക് അവരുടെ ക്വാറന്റൈന്‍ പീരീഡ് കഴിയുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

24,49,222 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കാന്‍ സംസ്ഥാനത്താകെ 24,690 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് തുള്ളിമരുന്ന് നല്‍കുന്നത്. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം ഉറപ്പാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങി കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

അങ്കണവാടികള്‍, സ്‌കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ കുട്ടികള്‍ വന്നു പോകാന്‍ ഇടയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകള്‍ സ്ഥാപിച്ച് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കും, കൂടാതെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നതിനായി മൊബൈല്‍ യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.