ഭിന്നശേഷി ശാക്തീകരണത്തിനായി സുശക്തി സ്വയംസഹായ സംഘങ്ങള്
ഭിന്നശേഷിക്കാരായ വ്യക്തികളുടെ ഉന്നമനത്തിനും സമഗ്ര ശാക്തീകരണത്തിനുമായി കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ‘സുശക്തി’ പദ്ധതിക്ക് തുടക്കമായി. ഭിന്നശേഷിക്കാരുടെയും കുടുംബാംഗങ്ങളുടെയും സമഗ്ര പുനരധിവാസം ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. ഭിന്നശേഷിക്കാർ നിർമിക്കുന്ന ഉൽപ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കി, വിപണി സാധ്യത കണ്ടെത്തി ബ്രാൻഡിങ്ങിനും സഹായിക്കും.
സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരോടുള്ള വിവേചനങ്ങൾ അവസാനിപ്പിക്കുന്നതിന് സാമൂഹിക ബോധവൽക്കരണ പരിപാടികളും സുശക്തി മിഷൻ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. എം വി ജയഡാളി സുശക്തി ലോഗോയും ഗിരീഷ് കീർത്തി സുശക്തി ആദ്യ അംഗത്വവും മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. ശുഭയാത്രാ പദ്ധതിയിലൂടെ വിതരണം ചെയ്യുന്ന 1800 സൈഡ് വീൽ സ്കൂട്ടറുകളുടെ സംസ്ഥാന വിതരണോദ്ഘാടനം നസീറിനും മനുജയ്ക്കും താക്കോലുകൾ കൈമാറി മന്ത്രി ആർ ബിന്ദു നിർവഹിച്ചു. ഹസ്തദാനം സ്ഥിര നിക്ഷേപ പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ട 1200പേരുടെ സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിർവഹിച്ചു.
സ്വയം സഹായ സംഘങ്ങളിലൂടെ ഭിന്നശേഷിക്കാരുടെ സ്വയംപര്യാപ്തത ഉറപ്പാക്കുന്ന തരത്തിലാണ് സുശക്തി മിഷൻ സ്ഥാപിക്കുന്നത്. ഭിന്നശേഷിക്കാരുടേയും അവരുടെ കുടുംബങ്ങളുടേയും സമഗ്ര പുനരധിവാസം ലക്ഷ്യമിട്ട് കുടുംബശ്രീ മാതൃകയിലാണ് സ്വയം സഹായ സംഘങ്ങൾക്ക് തുടക്കമിടുന്നത്. ശാരീരിക - മാനസിക - ഭൗതിക വെല്ലുവിളികൾ നേരിടുന്നവരെ സമൂഹത്തിൽ ഉൾച്ചേർത്തു കൊണ്ട് സ്വയംപര്യാപ്തരാക്കുക എന്നതാണ് സുശക്തിയുടെ ലക്ഷ്യം.
ഭിന്നശേഷി വിഭാഗത്തിന്റെ ഉന്നമനത്തിനായി സാമൂഹികനീതി വകുപ്പിനു കീഴിലുള്ള വ്യത്യസ്ത ഏജൻസികൾ നടപ്പിലാക്കുന്ന പദ്ധതികൾ കൃത്യതയോടെ ഗുണഭോക്താക്കളിൽ എത്തിക്കുന്നതിനും ഈ മിഷന്റെ ഭാഗമായി സാധിക്കും. ഭിന്നശേഷി സ്വയം സഹായ സംഘങ്ങളും, വ്യക്തികളും നിർമ്മിക്കുന്ന ഉല്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തി ബ്രാൻഡ് ചെയ്ത് അവയുടെ വിപണന സാധ്യതകൾ മെച്ചപ്പെടുത്തുകയെന്നതും മിഷന്റെ ലക്ഷ്യമാണ്. അംഗങ്ങൾക്ക് വരുമാനദായകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുള്ള പ്രോത്സാഹനവും പിന്തുണയും ഈ സ്വയം സഹായ സംഘങ്ങളിലൂടെ നൽകും. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇതര ഏജൻസികൾ എന്നിവയുടെ ദാരിദ്ര്യലഘൂകരണ പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും, തൊഴിൽ പുനരധിവാസ പദ്ധതികളും ഏറ്റെടുത്ത് സുശക്തി അംഗങ്ങൾക്ക് സ്ഥിരമായ ഉപജീവന സൗകര്യം ഉറപ്പാക്കും.
കേന്ദ്ര - സംസ്ഥാന സർക്കാരുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇതര ഏജൻസികളുടേയും സാമ്പത്തിക വികസനവും സാമൂഹികനീതിയും ലക്ഷ്യംവച്ചുള്ള വിവിധങ്ങളായ പ്രവർത്തനങ്ങളിൽ സുശക്തി പങ്കാളിത്തം വഹിക്കും. ഭിന്നശേഷിക്കാരുടെ ശാക്തീകരണം, ഭിന്നശേഷി സൗഹൃദ സാഹചര്യങ്ങളും അന്തരീക്ഷങ്ങളും ഉറപ്പാക്കൽ, പ്രാദേശിക സാമ്പത്തിക വികസനം, ദാരിദ്ര്യലഘൂകരണം, ആതുരസേവനം, സാമൂഹികനീതി, സദ്ഭരണം തുടങ്ങിയ മേഖലകളിലെ വികസനപദ്ധതികളുടെ ആസൂത്രണ നിർവഹണ പ്രവർത്തനങ്ങളിലും സുശക്തി അംഗങ്ങൾ പങ്കാളികളാവും.
കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷന്റെ കീഴിൽ കേരള സംഘങ്ങൾ രജിസ്ട്രേഷൻ ആക്ട് (2025) അനുസരിച്ചാണ് സുശക്തി രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നത്. ശാരീരിക - മാനസിക - ഭൗതിക വെല്ലുവിളികൾ നേരിടുന്ന എല്ലാ വ്യക്തികളേയും, സുശക്തി സംഘത്തിന്റെ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കാളികളാവാൻ സാധിക്കത്തവരുടെ രക്ഷകർത്താക്കളേയും ഉൾപ്പെടുത്തിയാണ് സുശക്തി സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുക. സുശക്തി സംഘത്തിന്റെ പരിധിയിൽ സ്ഥിരതാമസക്കാരായ 40 ശതമാനമോ അതിലധികമോ ശാരീരിക - മാനസിക - ഭൗതിക വെല്ലുവിളി നേരിടുന്ന 10 മുതൽ 20 വരെ വ്യക്തികളുടെ കൂട്ടായ്മായായാണ് ഓരോ സുശക്തി യൂണിറ്റും.









