ശാസ്ത്രബോധം ജീവിതത്തിന്റെ വഴികാട്ടിയാകണം : മുഖ്യമന്ത്രി

post

* 33 മത് ശാസ്ത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

തിരുവനന്തപുരം : ഇന്ത്യന്‍ ജനതയില്‍ ശാസ്ത്രബോധം വളര്‍ത്താനുള്ള ശ്രമത്തില്‍ ഇനിയുമേറെ മുന്നേറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശാസ്ത്രവും സാങ്കേതിക വിദ്യയും ഏറെ ഉയരത്തിലെത്തിയ കാലത്ത് ശാസ്ത്രമാണ് ജീവിതത്തിന്റെ വഴികാട്ടിയാകേണ്ടത് എന്ന തിരിച്ചറിവ് സമൂഹത്തിലാകെ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 33 ാമത് ശാസ്ത്ര കോണ്‍ഗ്രസിന്റെ ഔപചാരിക ഉദ്ഘാടനചടങ്ങ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വ്യക്തിയും സമൂഹവും രാഷ്ട്രവും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ശാസ്ത്രത്തിന്റെ രീതിയാണ് ഉത്തമം എന്ന ബോധ്യം എല്ലാതലത്തിലും ഉണ്ടാകണം. ശാസ്ത്രവിദ്യാഭ്യാസം നേടിയവര്‍ പോലും അന്ധവിശ്വാസങ്ങളുടേയും കപടശാസ്ത്രങ്ങളുടേയും പ്രചാരകരാകുന്ന ഈ കാലത്ത് ഇത് പ്രസക്തമാണ്.  

അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും ബന്ധിതമായിരുന്ന സമൂഹം സ്വാതന്ത്ര്യത്തിന് ശേഷം ഏറെ മുന്നോട്ടുപോയത് ശാസ്ത്രബോധം വളര്‍ത്തുന്നതില്‍ നടത്തിയ ബോധപൂര്‍വമായ ഇടപെടലുകള്‍ മൂലമാണ്. രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കാന്‍ ശാസ്ത്രീയമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കാരണക്കാരായി എന്നതാണ് ആധുനിക ഇന്ത്യയുടെ ചരിത്രം വ്യക്തമാക്കുന്നത്.

ഭരണഘടന വിഭാവനം ചെയ്യുന്ന ശാസ്ത്രബോധം ഇന്ത്യയില്‍ വളര്‍ന്നോ എന്ന ചോദ്യത്തിന്റെ മറുപടി അല്‍പം അസ്വസ്തമാക്കുന്നതാണ്. മിത്തുകളും കെട്ടുകഥകളും ചരിത്രമായി വ്യാഖ്യാനിക്കുന്നവരെ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രതിഷ്ഠിക്കുന്ന അവസ്ഥയുണ്ട്. വിശ്വാസങ്ങള്‍ ശാസ്ത്രമാണെന്ന് സ്ഥാപിക്കാനുള്ള ഗവേഷണ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന രീതിയില്‍ ശാസ്ത്രബോധത്തെ വെല്ലുവിളിക്കുന്ന അപകടകരമായ അവസ്ഥയാണ് പലപ്പോഴും നമുക്ക് ചുറ്റും. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഏറെ മുന്നോട്ടുപോയെങ്കിലും ദുര്‍മന്ത്രവാദത്തിന്റെ പേരിലുള്ള പീഡനവും മരണവും നടക്കുന്നുണ്ടെന്നതും നാം ഓര്‍ക്കണം.

ലോകത്തെയാകെ ഗ്രസിച്ച മഹാമാരി നേരിടാന്‍ ശാസ്ത്രീയമായ ഇടപെടലുകള്‍ രാജ്യത്ത് ശാസ്ത്രബോധം വളര്‍ത്തേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കുന്നു. കോവിഡ് കാലം തിരിച്ചറിവിന്റെ കാലഘട്ടമാണ്. തുടക്കം മുതല്‍ ശാസ്ത്രത്തെ ഉപയോഗിച്ചാണ് വൈറസിനെ ലോകം നേരിട്ടത്. എന്നാല്‍, ചില ഉത്തരവാദിത്തമുള്ള സ്ഥാനത്തുള്ളവര്‍ തെറ്റായ പ്രചാരണം നടത്തിയതും നമുക്ക് ഓര്‍മയുണ്ട്.

അതുകൊണ്ടുതന്നെ ശാസ്ത്രബോധം വളര്‍ത്തല്‍ പരമപ്രധാനമാണ്. ശാസ്ത്രീയവീക്ഷണത്തോടെ രോഗത്തെ മനസിലാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുകയാണ് വേണ്ടത്. ശാസ്ത്രം സമൂഹത്തില്‍ എങ്ങനെയൊക്കെ പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ കൃത്യമായ ഉദാഹരണമാണ് ലോകത്താകെ കണ്ടത്. അതുകൊണ്ടുതന്നെ ശാസ്ത്രത്തെക്കുറിച്ച് പറയാനും ആഘോഷിക്കാനും പറ്റിയ കാലമാണിത്.

മഹാമാരിയുടെ കണ്ണികള്‍ മുറിക്കുന്നതിനൊപ്പം ശാസ്ത്രവിജ്ഞാനത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും ചങ്ങല നാം ബലപ്പെടുത്തണം.

ജീവിതത്തിന്റെ വഴികാട്ടിയായി ശാസ്ത്രബോധത്തെ സ്വീകരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കണം. ഇതാണ് കേരളത്തിലെ സര്‍ക്കാരിനെ എപ്പോഴും നയിച്ചിട്ടുള്ള ചിന്ത. വിവിധ മഹാമാരികള്‍ വന്നപ്പോഴും പശ്ചാത്തല വികസനത്തിലും അടിസ്ഥാന സൗകര്യത്തിലും സമാനതകളില്ലാത്ത മുന്നേറ്റം നടത്താന്‍ കേരളത്തിന് സാധിച്ചത് ഇത്തരം ശാസ്ത്രീയ വീക്ഷണം കാരണമാണ്.

ശാസ്ത്രഗവേഷണ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് ശക്തിപ്പെടുത്തുന്നതിനൊപ്പം കാലാനുസൃതമായ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും സര്‍ക്കാരിനായി. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെയുള്ളവ ഉദാഹരണങ്ങളാണ്. ഇത്തരത്തിലെ സ്ഥാപനങ്ങളെ ഇനിയുള്ള ഘട്ടത്തില്‍ മികവിന്റെ കേന്ദ്രങ്ങളായി ഉയര്‍ത്തുകയെന്നതാണ് ലക്ഷ്യം. അറിവിന് പ്രാമുഖ്യം നല്‍കുന്ന സമൂഹമായി മാറുക എന്നതിലേക്കാണ് നാം നീങ്ങുന്നത്. ശാസ്ത്രസ്ഥാപനങ്ങള്‍ മാത്രമല്ല, എല്ലാ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളിലും സേവനങ്ങളിലും പൊതുജനങ്ങള്‍ക്ക് ഗുണകരമാകുംവിധം കാലാനുസൃതമായ മാറ്റം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.

ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൊതുബോധത്തില്‍ ശാസ്ത്രാവബോധം വളര്‍ത്താന്‍ ഏറെ സഹായകമായതായും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ സര്‍വകലാശാലകളിലെയും ഗവേഷണ സ്ഥാപനങ്ങളിലെയും ഗവേഷണ വിശകലന ഉപകരണങ്ങളുടെ ആധികാരിക ഡാറ്റാബേസ് ആയ 'റിസര്‍ച്ച് എക്യുപ്‌മെന്റ് അവയര്‍നെസ് പോര്‍ട്ടല്‍കേരള (REAPK) യുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

ചടങ്ങില്‍ യുവ ശാസ്ത്രജ്ഞര്‍ക്കുള്ള ചീഫ് മിനിസ്റ്റേഴ്‌സ് ഗോള്‍ഡ് മെഡല്‍, ഡോ: എസ്. വാസുദേവ് അവാര്‍ഡ്, ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍, ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍, ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിച്ച മികച്ച പ്രബന്ധങ്ങള്‍ക്കും പോസ്റ്ററുകള്‍ക്കുമുള്ള അവാര്‍ഡുകള്‍ എന്നിവയും വിതരണം ചെയ്തു.

'പകര്‍ച്ച വ്യാധികള്‍: അപകടസാധ്യതയും ലഘൂകരണവും എന്നതാണ് ഈ വര്‍ഷത്തെ ശാസ്ത്ര കോണ്‍ഗ്രസിന്റെ പ്രമേയം. ജനുവരി 25 മുതല്‍ 28 വരെയാണ് ടെക്‌നിക്കല്‍ സെഷനുകള്‍ നടന്നത്.

ചടങ്ങില്‍ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ: കെ.പി സുധീര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ: എസ്. പ്രദീപ് കുമാര്‍, വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ക്ലിനിക്കല്‍ വൈറോളജി മേധാവിയായിരുന്ന ഡോ: ടി. ജേക്കബ് ജോണ്‍, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ: വി.പി. മഹാദേവന്‍പിള്ള തുടങ്ങിയവര്‍ സംബന്ധിച്ചു.

ചടങ്ങില്‍ ഡോ: തോമസ് വി.പി ഡോ. എസ്. വസുദേവ് അവാര്‍ഡ് ഏറ്റുവാങ്ങി. ഡോ: എ.എ അമ്പിളി, ഡോ: ദീപു ശിവദാസ്, ഡോ. പി. ശ്രീജിത്ത് ശങ്കര്‍, ഡോ: സുദര്‍ശന്‍ കാര്‍ത്തിക് എന്നിവര്‍ യുവശാസ്ത്രജ്ഞ പുരസ്‌കാരങ്ങളും ഡോ. ആര്‍. പ്രസന്നകുമാര്‍, ഡോ. വി. പ്രസന്നകുമാര്‍, മാത്യൂസ് ഗ്‌ളോറി, സീമ ശ്രീലയം, ഡോ: അനില്‍കുമാര്‍ വടവാതൂര്‍, എസ്. അശ്വിന്‍, പ്രസന്ന വര്‍മ്മ എന്നിവര്‍ ശാസ്്ത്ര സാഹിത്യ അവാര്‍ഡുകളും ഏറ്റുവാങ്ങി.