ഹരിത കേരളം വലിയ നേട്ടമുണ്ടാക്കി; മുഖ്യമന്ത്രി

post

കാസര്‍ഗോഡ് : ഹരിതകേരള മിഷനിലൂടെ  സംസ്ഥാനത്ത് എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ 11,163 സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളായി മാറി.  സംസ്ഥാനതല പ്രഖ്യാപനം  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ തോടുകളും നദികളും കുളങ്ങളും കായലുകളും മറ്റ് നീര്‍ച്ചാലുകളുമെല്ലാം മാലിന്യങ്ങള്‍ വലിച്ചെറിയുന്ന ശീലത്തിന് മാറ്റം വരുത്താന്‍ ഹരിതകേരള മിഷനിലൂടെ സാധിച്ചുവെന്നും ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം കേരളത്തില്‍ പുതിയ സംസ്‌ക്കാരം വളര്‍ത്താന്‍ കാരണമായെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 ജില്ലയില്‍ 653 ഹരിത ഓഫീസുകള്‍; ഹരിത ഓഫീസ് സാക്ഷ്യ പത്രങ്ങള്‍ വിതരണം ചെയ്തു

ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ നടന്ന ഹരിത ഓഡിറ്റിങ്ങില്‍ തിരഞ്ഞെടുത്ത ഹരിത ഓഫീസുകള്‍ക്കുള്ള പുരസ്‌കാരം വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ സംസ്ഥാനതല പ്രഖ്യാപനത്തെ തുടര്‍ന്ന് കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിലാണ് ജില്ലയില്‍ തിരഞ്ഞെടുത്ത 653 ഹരിത ഓഫീസുകള്‍ക്കുള്ള അനുമോദനവും 100 മാര്‍ക്ക് ലഭിച്ച സ്ഥാപനങ്ങള്‍ക്കുള്ള സാക്ഷ്യപത്ര വിതരണവും റവന്യു വകുപ്പ് മന്ത്രി .ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രീന്‍പ്രോട്ടോകോള്‍ പ്രവര്‍ത്തനങ്ങള്‍ പരിശോധനയിലൂടെ വിലയിരുത്തി സര്‍ട്ടിഫിക്കേഷന്‍ ചെയ്യുകയും ന്യൂനതകളുണ്ടെങ്കില്‍  പരിഹരിക്കുന്നതിനും മികച്ച രീതിയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഓഫീസുകള്‍ക്ക് ഗ്രേഡ് നല്‍കി.  എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത്ബാബു മുഖ്യ പ്രഭാഷണം നടത്തി.  ഹരിത കേരള മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ സുബ്രഹ്മണ്യന്‍ സ്വാഗതവും ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ലക്ഷ്മി.എ നന്ദിയും പറഞ്ഞു. 


ഹരിത കേരള മിഷന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെന്ന് റവന്യൂ മന്ത്രി പറഞ്ഞു. ജില്ലയില്‍ ഹരിത അവാര്‍ഡ് ലഭിച്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്കുള്ള സാക്ഷ്യപത്രങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്ത് പുതിയ ദിശാബോധമുണ്ടാക്കാന്‍ ഹരിത കേരള മിഷന് സാധിച്ചുവെന്നും എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തമെന്ന ആശയം കേരള ജനത അംഗീകരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകള്‍ ഈ പ്രവര്‍ത്തനങ്ങളലൂടെ പൊതുജനങ്ങള്‍ക്ക് മാതൃകയാവുകയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 


പഞ്ചായത്ത് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ധനീഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. ക്ലീന്‍ കേരള കമ്പനി മാനേജര്‍ മിഥുന്‍ ഹരിതകേരള മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ എം പി സുബ്രഹ്മണ്യന് ഹരിത കര്‍മ സേനയ്ക്കുള്ള ചെക് കൈമാറി. 22 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും 22013.43 കി.ഗ്രാം അജൈവ പാഴ് വസ്തുക്കള്‍ ഒരു മാസം ലഭിച്ച മാലിന്യങ്ങള്‍ക്കായി 1,68,822.925 രൂപയാണ് ചെക്കായി നല്‍കിയത്. 

ആകെ 806 സര്‍ക്കാര്‍ ഓഫീസുകള്‍ പരിശോധിച്ചതില്‍ 653 ഓഫീസുകള്‍ക്കാണ് ഗ്രേഡ് ലഭിച്ചത്. അതില്‍ 210 ഓഫീസുകള്‍ക്ക് എ ഗ്രേഡും, 170 എണ്ണത്തിന് ബി ഗ്രേഡും , 273 ഓഫീസുകള്‍ക്ക് സി ഗ്രേഡും ലഭിച്ചു. ജില്ലാ തലത്തില്‍ 114 സര്‍ക്കാര്‍ ഓഫീസുകള്‍ക്കും തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തില്‍ 539 ഓഫീസുകള്‍ക്കുമാണ് ഗ്രേഡുകള്‍ ലഭിച്ചത്. ഗ്രേഡുകള്‍ നല്‍കിയിട്ടുള്ളത് ലഭിച്ച മാര്‍കിന്റെ അടിസ്ഥാനത്തിലാണ്. അതിന്‍ പ്രകാരം ജില്ലയില്‍ ആകെ 29 സ്ഥാപനങ്ങള്‍ക്ക് 100 മാര്‍ക്കും ലഭിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസ്, ഐ.ടി.ഐ പുല്ലൂര്‍ പെരിയ, ഫാമിലി ഹെല്‍ത്ത് സെന്റ്ര് കയ്യൂര്‍ തുടങ്ങിയ ഓഫീസുകള്‍ 100 മാര്‍ക്ക് ലഭിച്ചവയില്‍ ഉള്‍പ്പെടുന്നു.